KeralaNews

ആലുവ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത്; പകല്‍ ലോഡ്ജില്‍ കഴിച്ചുകൂട്ടുന്ന അന്യസംസ്ഥാന യുവതികള്‍ പുറത്തിറങ്ങുക രാത്രിയില്‍ മാത്രം

ആലുവ: കഴിഞ്ഞ ദിവസം ലോഡ്ജുകളില്‍ നടത്തിയ പരിശോധനക്കിടെ കണ്ടെത്തിയ ഉത്തരേന്ത്യന്‍ യുവതികള്‍ മനുഷ്യക്കടത്തിന്റെ ഇരകളെന്ന് സംശയം. ഇരുപതോളം ലോഡ്ജുകളില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വിദേശത്തേക്കു പോകാനുള്ള അവസരം കാത്തു കഴിയുന്ന ഉത്തരേന്ത്യയില്‍ നിന്നുള്ള ഒട്ടേറെ യുവതികളെ കണ്ടെത്തിയത്.

വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കയക്കാം എന്ന് പറഞ്ഞാണ് സംഘങ്ങള്‍ ബിഹാര്‍, ബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും യുവതികളെ കേരളത്തിലെത്തിച്ചത്. പാസ്‌പോര്‍ട്ടും പണവും ഇവര്‍ മനുഷ്യക്കടത്തു സംഘത്തിനു നേരത്തേ കൈമാറിയിരുന്നു. ‘ബഡാ സാബ്’ തങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകും എന്ന് മാത്രമാണ് യുവതികള്‍ക്ക് അറിയാവുന്നത്.

എന്നാല്‍, ആരാണ് ഈ ബഡാ സാബ് എന്ന് യുവതികള്‍ക്കും അറിയില്ല. വിമാനത്തിലാണോ ബോട്ടിലാണോ വിദേശത്തേക്കു കടത്തുന്നതെന്ന കാര്യത്തില്‍ പൊലീസിനും കൃത്യമായ വിവരമില്ല. വിമാനത്താവളവുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിച്ചു വരികയാണ് പോലീസ്.

ബിഹാര്‍, ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നു ട്രെയിനിലാണു യുവതികള്‍ ആലുവയില്‍ വന്നത്. ഇവരെ പിന്നീട് ഇടനിലക്കാര്‍ ആലുവ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ലോഡ്ജില്‍ എത്തിച്ചു. ലോഡ്ജുകളില്‍ താമസിക്കുന്ന യുവതികള്‍ പകല്‍ പുറത്തിറങ്ങാറില്ല. 30നും 40നും ഇടയ്ക്കു പ്രായമുള്ളവരാണ് എല്ലാ യുവതികളും.

എന്തു ജോലിക്കാണ് ഇവരെ കൊണ്ടുപോകുന്നതെന്നു വ്യക്തമല്ല. യുവതികള്‍ക്കും അതറിയില്ല. ആലുവ കേന്ദ്രീകരിച്ചു മനുഷ്യക്കടത്ത് തുടങ്ങിയിട്ടു മാസങ്ങളായി എന്നാണ് സൂചന. രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞിട്ടു 2 ദിവസമേ ആയുള്ളൂ. തുടര്‍ന്നാണു റൂറല്‍ ജില്ലാ പൊലീസ് പരിശോധന നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button