മലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് അൽഫോൺസ് പുത്രൻ. നേരം, പ്രേമം തുടങ്ങി ഒരുപിടി മികച്ച സിനിമകൾ അദ്ദേഹത്തിന്റേതായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഗോൾഡ് എന്ന പൃഥ്വിരാജ് ചിത്രം ആയിരുന്നു അൽഫോൺസിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. നീണ്ട ഇടവേളക്ക് ശേഷം എത്തിയ അൽഫോൺസ് ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രേക്ഷകർക്ക് പക്ഷേ നിരാശയായിരുന്നു ഫലം. സിനിമയുടെ റിലീസിന് പിന്നാലെ ട്രോളുകളും വിമർശനങ്ങളും സംവിധായകന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇവയോടുള്ള പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് അൽഫോൺസ്.
പ്രൊഫൈൽ ഫോട്ടോ മാറ്റിക്കൊണ്ടാണ് അൽഫോൺസ് പുത്രൻ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ഒപ്പം ഒറു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. താൻ ആരുടെയും അടിമയല്ലെന്നും തന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആർക്കും അവകാശം നൽകിയിട്ടില്ലെന്നും അൽഫോൺസ് പറയുന്നു. നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സൃഷ്ടികൾ കാണാമെന്നും സംവിധായകൻ കുറിച്ചു.
നിങ്ങൾ എന്നെ ട്രോളുകയും എന്നെയും എന്റെ ഗോൾഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങൾ പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്… അത് നിങ്ങൾക്ക് നല്ലതാണ്. എനിക്കു വേണ്ടിയല്ല. അതുകൊണ്ട് ഇന്റർനെറ്റിൽ മുഖം കാണിക്കാതെ ഞാൻ പ്രതിഷേധിക്കുന്നു. ഞാൻ നിങ്ങളുടെ അടിമയല്ല അല്ലെങ്കിൽ എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാൻ അവകാശം നൽകിയിട്ടില്ല. അതിനാൽ നിങ്ങൾക്ക് വേണമെങ്കിൽ എന്റെ സൃഷ്ടികൾ കാണാം. പിന്നെ എന്റെ പേജിൽ വന്ന് ദേഷ്യം കാണിക്കരുത്. നിങ്ങൾ അങ്ങനെ ചെയ്താൽ, ഞാൻ ഇന്റർനെറ്റിൽ അദൃശ്യനാകും. ഞാൻ പഴയതുപോലെയല്ല. ഞാൻ ആദ്യം എന്നോടും പിന്നീട് എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാൻ വീഴുമ്പോൾ എന്റെ അരികിൽ നിൽക്കുന്നവരോടും സത്യസന്ധത പുലർത്തും. ഞാൻ വീണപ്പോൾ നിന്റെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂർവം വീഴുന്നില്ല. അത് പ്രകൃതിയാൽ സംഭവിക്കുന്നു. അതിനാൽ അതേ പ്രകൃതി എന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു”.
2022 ഡിസംബർ 1ന് റിലീസ് ചെയ്ത ചിത്രമാണ് ഗോൾഡ്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം.