രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയിലേക്ക് ഭാവന എത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. മലയാള സിനിമയുടെ ഭാവന തിരിച്ചെത്തി. ഇനി മലയാളം സിനിമയ്ക്ക് നല്ലോണം കഥ ആലോചിക്കാം എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
ഭാവനയുടെ തിരിച്ചുവരവിനെ പ്രശംസിച്ച് കൊണ്ടാണോ അതോ അല്ലാതെയാണോ അല്‍ഫോന്‍സ് പുത്രന്റെ പോസ്റ്റ് എന്ന സംശയത്തിലാണ് സോഷ്യല്‍ മീഡിയ. ക്യാപ്ഷന്‍ കൊണ്ട് എന്താ ഉദ്ദേശിച്ചത് എന്ന് പലര്‍ക്കും മനസ്സിലായില്ല പ്ലീസ് വിശദികരിക്കുക.. അല്ലേല്‍ തെറ്റിദ്ധാരണ ഉണ്ടാകാന്‍ വരെ സാധ്യതയുണ്ട് എന്ന് ഒരാള്‍ അല്‍ഫോന്‍സ് പുത്രന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തു. നിരവധിപ്പേര്‍ കമന്റ് ബോക്‌സിലൂടെ പോസ്റ്റിന്റെ അര്‍ത്ഥം വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെ പോരാട്ടത്തിന്റെ പെണ്‍പ്രതീകം എന്ന് അഭിസംബോധന ചെയ്താണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്.
കുറച്ചുവര്‍ഷങ്ങളായി ഭാവന മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നു. ഈയിടെയാണ് നടി താന്‍ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് നല്‍കിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു.
താന്‍ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി. ഇപ്പോള്‍ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്കും തിരിച്ചു വരവ് നടത്തുകയാണ്. ആദില്‍ മയ്മാനാഥ് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുള്‍ ഖാദര്‍ ചിത്രം നിര്‍മ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.