തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംവാദം വീണ്ടും അനിശ്ചിതത്വത്തില്‍. സംവാദത്തില്‍നിന്നു പിന്മാറുമെന്ന് സിസ്ട്രയുടെ മുന്‍ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ അലോക് വര്‍മ. സംവാദത്തിനുള്ള ക്ഷണക്കത്ത് അയയ്‌ക്കേണ്ടത് സര്‍ക്കാരാണ്. കെ. റെയില്‍ അല്ല. ക്ഷണക്കത്തിലെ ഭാഷ ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വിഷയത്തില്‍ ചീഫ് സെക്രട്ടറിക്ക് അദ്ദേഹം കത്തയച്ചു. ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിലും അലോക് വര്‍മയ്ക്ക് അതൃപ്തിയുണ്ട്.
സാങ്കേതികമായ ഒരു പഠനവുമില്ലാതെ, ഇന്ത്യന്‍ റെയില്‍വേയുടെ ചട്ടങ്ങളെല്ലാം ലംഘിച്ച് 2 മാസംകൊണ്ടു തയാറാക്കിയ റിപ്പോര്‍ട്ടാണു കേരളം ബോര്‍ഡിനു സമര്‍പ്പിച്ചതെന്നും കഴിഞ്ഞ ദിവസം അയച്ച തുറന്ന കത്തില്‍ അലോക് വര്‍മ ആരോപിച്ചു.
ആദ്യ സാധ്യതാ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് അലോക് വര്‍മയുടെ നേതൃത്വത്തിലായിരുന്നു. അലോക് വര്‍മയുടെ റിപ്പോര്‍ട്ടില്‍ നിറയെ അബദ്ധങ്ങളായിരുന്നുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടിയ ശേഷമാണു സിസ്ട്ര രണ്ടാമത്തെ റിപ്പോര്‍ട്ട് തയാറാക്കിയതെന്നുമുള്ള കെ റെയിലിന്റെ വാദത്തിനായിരുന്നു മറുപടി.
സില്‍വര്‍ലൈന്‍ സംബന്ധിച്ച് സംവാദത്തിന് ക്ഷണിച്ചതിന് പിന്നാലെ അലോക് വര്‍മ്മയ്ക്കെതിരേ ആക്രമണവുമായി സിസ്ട്ര രംഗത്തെത്തിയിരുന്നു.പദ്ധതിയുടെ പഠനത്തില്‍ വെറും മൂന്നുമാസമാണ് അലോക് വര്‍മ്മ പ്രവര്‍ത്തിച്ചതെന്ന് പ്രോജക്ട് ഡയറക്ടര്‍ എം.സ്വയംഭൂലിംഗം. അതുതന്നെ സിസ്ട്ര ടീമിന്റെ ഡെപ്യൂട്ടി ഡയറക്ടറായി സാധ്യതാ പഠനത്തിലാണ്. ഈ ചെറിയ അനുഭവംവെച്ച് ഊഹിച്ചാണ് വര്‍മ്മ അഭിപ്രായങ്ങള്‍ പറയുന്നതെന്ന് സ്വയംഭൂലിംഗം ആരോപിച്ചു.
അലോക് വര്‍മ്മ സില്‍വര്‍ലൈന്‍ ഡി.പി.ആറുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി എഴുതിവരുന്ന ലേഖനങ്ങള്‍ക്കുള്ള മറുപടിയായാണ് സ്വയംഭൂലിംഗം രംഗത്തുവന്നത്. സിസ്ട്രയുടെ 18 വിദഗ്ധരില്‍ ഒരാള്‍ മാത്രമാണ് അലോക് വര്‍മ്മ. അദ്ദേഹം തയ്യാറാക്കിയ ആദ്യ റിപ്പോര്‍ട്ട് സിസ്ട്രയോ കെ-റെയിലോ അംഗീകരിച്ചിട്ടില്ല. അതിനുശേഷമാണ് പദ്ധതിക്കു വേണ്ടി ഗൗരവമായ പഠനങ്ങള്‍നടന്നത്. മുമ്പ് അലോക് വര്‍മ്മ കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ഭൂഘടനയോ സാംസ്‌കാരിക സവിശേഷതയോ യാത്രാപരമായ ആവശ്യങ്ങളോ അറിയില്ലാതാനും.
അലോക് വര്‍മയുടെ ആരോപണങ്ങള്‍ക്ക് മറുപടി
- ഇന്ത്യന്‍ റെയില്‍വേയുടെ ബ്രോഡ്‌ഗേജ് അതിവേഗ വണ്ടികള്‍ക്ക് പറ്റിയതല്ല. സ്റ്റാന്‍ഡേഡ് ഗേജാണ് ഏറ്റവും യോജിച്ചത്. 160 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ വണ്ടി ഓടിക്കാന്‍ ബ്രോഡ് ഗേജ് സാങ്കേതികമായി ഇനിയും മാറണം.
- ഭൂനിരപ്പില്‍ അധികംദൂരം പാളം വന്നത് ചെലവ് കുറയ്ക്കാനാണ്. അതിന് സാങ്കേതികമായ പിന്‍ബലമുണ്ട്. ഇത് ഏറെക്കാലം നിലനില്‍ക്കുകയും ചെയ്യും.
- ജില്ലാനന്തര യാത്രയ്ക്കാണ് സില്‍വര്‍ലൈന്‍. ഡി.പി.ആര്‍. വിലയിരുത്തേണ്ടത് യാത്രികന്റെ ഭാഗത്തുനിന്നാണ്. സാങ്കേതികമായല്ല.
- 2017-ല്‍ സാധ്യതാപഠനത്തിന് മുന്നോടിയായി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. 2018-ല്‍ സാധ്യതാ പഠനം നടത്തി. 2019-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡി.പി.ആറിന് മുമ്പ് തത്വത്തില്‍ അനുമതി കിട്ടിയത് റെയില്‍വേ നല്‍കിയ അംഗീകാരമാണ്.
- ഭൗമപഠനം, ലിഡാര്‍ സര്‍വേ, ട്രാഫിക് സര്‍വേ, പാരിസ്ഥിതികാഘാത പഠനം എന്നിവ നടത്തിയാണ് ഡി.പി.ആര്‍. തയ്യാറാക്കിയത്.