കൊച്ചി: കേരള ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരുന്ന പ്രമുഖരുടെ വീഴ്ചകളെയും അവരെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെയും നിശിതമായി വിമർശിച്ച് സംവിധായകൻ ആലപ്പി അഷറഫ്. ‘സത്യം പുറത്തുവരുന്ന ദിവസം തകരുന്നത് ബന്ധങ്ങൾ മാത്രമല്ല; അന്തസ്സ് കൂടിയാണെന്ന് ഓർക്കണം’ എന്ന ശക്തമായ തലക്കെട്ടോടെ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. അവിഹിത ബന്ധങ്ങൾ താൽക്കാലിക ലാഭമാണെങ്കിലും അത് അന്തസ്സിനെ ബാധിക്കുന്ന ശാശ്വത നഷ്ടമാണെന്ന് ഓർമ്മിപ്പിക്കുന്ന വിഡിയോയിൽ, മുൻ ചെയർമാൻമാരായ കമൽ, രഞ്ജിത്ത്, പ്രേംകുമാർ എന്നിവരുടെ പടിയിറക്കവും നിലവിലെ ചെയർമാനെയും കേന്ദ്രീകരിച്ചുള്ള പുതിയ വിവാദങ്ങളുമാണ് അദ്ദേഹം പ്രധാനമായും ചർച്ച ചെയ്യുന്നത്. നിലവിലെ വിവാദങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബിഗ് ബോസ് താരം ഫിറോസ് ഖാനെ നേരിട്ട് വിളിച്ചിരുന്നുവെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ സത്യമുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും ആലപ്പി അഷ്റഫ് വെളിപ്പെടുത്തി.
‘‘അവിഹിതം എന്നത് താൽക്കാലിക ലാഭവും ശാശ്വത നഷ്ടവുമാണ്, ഒരു നിമിഷത്തെ സുഖത്തിനുവേണ്ടി ജീവിതകാലം മുഴുവൻ തലതാഴ്ത്തി നിൽക്കേണ്ടി വരുന്ന അവസ്ഥയേക്കാൾ വലിയ ദുരന്തമില്ല. രഹസ്യങ്ങൾ എന്നും രഹസ്യങ്ങൾ ആയിരിക്കില്ല; സത്യം പുറത്തുവരുന്ന ദിവസം തകരുന്നത് വെറും ബന്ധങ്ങൾ മാത്രമല്ല, നമ്മുടെ അന്തസ്സു കൂടിയാണ്. ബിഗ് ബോസ് താരങ്ങളുടെ വെളിപ്പെടുത്തലുകളും പ്രതിച്ഛായ നഷ്ടപ്പെട്ട ഫിലിം അക്കാദമി ചെയർമാൻമാരെ കുറിച്ചുമാകട്ടെ ഈ എപ്പിസോഡ്. ചലച്ചിത്ര അക്കാദമി എൽഡിഎഫ് ഗവൺമെന്റിന് എന്നും ഒരു തലവേദന അക്കാദമി ആയിരുന്നു. പല പ്രഗൽഭ വ്യക്തികളും അതിന്റെ ചെയർമാൻ സ്ഥാനം അലങ്കരിച്ചു, എന്നാൽ അവരിൽ പലരും ആ ചെയറിനെ കളങ്കപ്പെടുത്തി കിംവദന്തികളും കോലാഹലങ്ങളും ഒക്കെ സൃഷ്ടിച്ചാണ് ഇറങ്ങിപ്പോയത്. പത്തു വർഷം കൊണ്ട് ആ ചെയർ അലങ്കരിച്ചിരുന്ന പലരുടെയും അരമന രഹസ്യങ്ങൾ അങ്ങാടിയിൽ പാട്ടായി; പലരും മുഖംമൂടി ധരിച്ച മാന്യന്മാരായിട്ടാണ് ആ കസേരയിൽ ഇരുന്നതെന്ന് കാലം തെളിയിച്ചു. ഒരു ഉന്നത പദവിയിൽ ഇരിക്കുമ്പോൾ സ്വഭാവത്തിൽ പുലർത്തേണ്ട ജാഗ്രത പലർക്കും ഇല്ലാതെ പോയി എന്നത് പറയാതെ വയ്യ.
എൽഡിഎഫ് ഗവൺമെന്റ് അധികാരത്തിലേറുമ്പോൾ ആദ്യം ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തേക്ക് കയറുന്നത് സംവിധായകൻ കമലായിരുന്നു. അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ ആയിരുന്നു; പിന്നീട് സാംസ്കാരിക മന്ത്രിയായി വന്ന സജി ചെറിയാനെക്കാളും എന്തുകൊണ്ടും മേന്മയേറിയ പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്. സാംസ്കാരിക മേഖലയെ കുറച്ചുകൂടി കാര്യക്ഷമമായി അദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു. സാംസ്കാരിക മന്ത്രി എന്ന നിലയിൽ അന്ന് അദ്ദേഹം കള്ളത്തരങ്ങളോ പൊള്ളത്തരങ്ങളോ മണ്ടത്തരങ്ങളോ ഒന്നും വിളമ്പില്ലായിരുന്നു; ഒരു സാംസ്കാരിക മന്ത്രിക്ക് വേണ്ട അത്യാവശ്യ സംസ്കാരം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
രാഷ്ട്രീയമൊന്നും നോക്കാതെ സത്യസന്ധമായാണ് ഞാൻ ഇത് പറയുന്നത്. ഇത്തരത്തിലുള്ള ഒരു മന്ത്രിയുടെ കീഴിലായിരുന്നു കമൽ ചാർജ് എടുത്തിരുന്നത്. മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് കമൽ; ഒരു നല്ല സംവിധായകൻ എന്ന നിലയിൽ ആ സ്ഥാനത്തിരിക്കാനുള്ള യോഗ്യതയും അദ്ദേഹത്തിനുണ്ട്. പല സാമൂഹ്യ സാംസ്കാരിക വിഷയങ്ങളിൽ ഇടപെടുകയും പ്രതികരിക്കുകയും ഒക്കെ ചെയ്യുന്ന ആളുമായിരുന്നു കമൽ. സിനിമ തിയറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കിയ വേളയിൽ അതിനെതിരെ കമൽ പ്രതികരിച്ചിരുന്നത് ദേശീയഗാനം അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല എന്നായിരുന്നു. അതോടെ കമൽ സംഘപരിവാറുകാരുടെ കണ്ണിലെ കരടായി മാറി. അവർ കമലിന്റെ വീട്ടിലേക്ക് പ്രതിഷേധ ജാഥകൾ നയിച്ചു;
അതിന്റെ പേരിൽ കമലിനെതിരെ കുറെ ആക്ഷേപശരങ്ങളും അസഭ്യവർഷങ്ങളും ഒക്കെ ചൊരിഞ്ഞെങ്കിലും അവസാനം കമൽ പറഞ്ഞതുപോലെതന്നെ കാര്യങ്ങൾ എത്തുകയാണ് ഉണ്ടായത്. ഈ ആക്ഷേപ ശരങ്ങൾ ഒന്നും തന്നെ കമലിന്റെ മനോവീര്യത്തെ തളർത്തുന്നതായിരുന്നില്ല. എന്നാൽ എത്ര ശക്തനാണെങ്കിലും കൊലകൊമ്പൻ ആണെങ്കിലും മനോവീര്യം തകർന്ന് തലകുനിച്ചു നിൽക്കേണ്ട ചില സന്ദർഭങ്ങളുണ്ട്, അത് പീഡനവീരൻ എന്ന വിളിപ്പേരിന്റെ മുന്നിലാണ്. കമൽ തന്റെ സിനിമയിൽ ഒരു വേഷം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച് ഒരു അതിജീവിത 2019 ഏപ്രിൽ 26-ന് കമലിന് വക്കീൽ നോട്ടീസ് അയച്ചതായിട്ടുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.
തന്റെ പേര് കളങ്കപ്പെടുത്താനുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇതെല്ലാം എന്നാണ് കമൽ അന്ന് പ്രതികരിച്ചത്. ഇത്തരം നാടകങ്ങൾ എല്ലാം അരങ്ങേറുന്നത് അദ്ദേഹം അക്കാദമിക് ചെയർമാൻ ആയിരിക്കുമ്പോഴാണ്; സ്വാഭാവികമായി ആ വ്യക്തിയുടെ പേരിൽ ഉണ്ടാകുന്ന ആരോപണങ്ങളും കളങ്കങ്ങളും തീർച്ചയായും ആ സ്ഥാപനത്തിന്റെ പേരിനും ബാധകമായിരിക്കും. ഇത്തരം ഒരു പേരുദോഷം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ കമലിനും ഷാജി എൻ. കരുണനെ പോലെ തന്നെ ചെയർമാനായി രണ്ടാമത്തെ ടേമിലും തുടരാമായിരുന്നു.
രണ്ടാമത് ആ സിംഹാസനത്തിൽ ഇരിക്കാൻ വന്ന ആളുടെ വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. രഞ്ജിത്ത് മിടുക്കനായ ഒരു എഴുത്തുകാരനും നല്ലൊരു സംവിധായകനും ആണെന്നുള്ള കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. ശക്തമായ ഭാഷയിൽ സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവൊന്ന് വേറെ തന്നെയാണ്; ആരെയും കൂസാത്ത ഒന്നിനെയും ഭയപ്പെടാത്ത പ്രകൃതം. എന്നാൽ അധികമായാൽ അമൃതും വിഷമാകും എന്നാണല്ലോ; അദ്ദേഹത്തെക്കുറിച്ച് അന്ന് പലരും പറഞ്ഞിരുന്നത് അദ്ദേഹം ആ ചെയറിൽ വന്നിരുന്നതോടുകൂടി വരിക്കാശ്ശേരി മനയിലെ തമ്പുരാനായി അങ്ങ് മാറുകയാണ് ഉണ്ടായത് എന്നാണ്. അങ്ങനെ സമസ്ത മേഖലകളും അടക്കി വാണരുളി കൊണ്ടിരിക്കുമ്പോഴാണ് അങ്ങ് ബംഗാളിൽ നിന്നും ഒരു ഇടിത്തീ വരുന്നത്, അത് അദ്ദേഹത്തിന്റെ ഉച്ചിയിലാണ് പതിച്ചതെന്ന് പറയാതിരിക്കാൻ ആവില്ല.
അതുവരെ മറുവാക്കിന് എതിർവാക്കില്ല എന്ന് പറയും പോലെ പഞ്ചപുച്ഛമടക്കി അദ്ദേഹത്തിന്റെ മുന്നിൽ പേടിച്ചു നിന്നിരുന്ന ഞാഞ്ഞൂലുകൾ എല്ലാം തന്നെ അയാൾക്കെതിരെ തലപൊക്കാൻ തുടങ്ങി. കൊട്ടും കുരവയും താളമേളാദികളുമായി ആനയിച്ചിരുത്തിയ ചെയറിൽ നിന്നും 2024 ഓഗസ്റ്റ് 25-ന് ശിരസ്സുകുനിച്ച് ഇറങ്ങി പോകേണ്ടിവന്നു. എത്ര സിനിമ എടുത്തു, എത്ര കഥയെഴുതി, എത്ര നന്നായി സംസാരിച്ചു എന്നത് മാത്രമല്ല അക്കാദമിക് ചെയർമാൻ ആകാനുള്ള മാനദണ്ഡം; സ്വഭാവശുദ്ധിയും നല്ല പെരുമാറ്റവും ജാതിമത വർണ്ണ വിവേചനം ഇല്ലാത്ത ആൾ കൂടി ആയിരിക്കണം ഇത്തരം സ്ഥാപനങ്ങളുടെയൊക്കെ തലപ്പത്തിരിക്കേണ്ടത്.
പിന്നീട് അത്തരത്തിലുള്ള ഒരാളെ കണ്ടെത്തിയത് പോലെയായിരുന്നു വൈസ് ചെയർമാൻ ആയിരുന്ന പ്രേംകുമാറിന്റെ സ്ഥാനാരോഹണം. മുൻപിരുന്ന രണ്ടുപേരെ പോലെ മലമറിക്കുന്ന അവകാശവാദങ്ങൾ ഒന്നും പ്രേംകുമാറിനെ സംബന്ധിച്ച് പറയാനില്ല; സാധാരണയിൽ സാധാരണക്കാരനായ ഒരു നടൻ. അവിടെ ഇരുന്നുകൊണ്ട് ആ ചെയറിനെ മാനിച്ചുകൊണ്ട് വലിയ പേരുദോഷം ഒന്നും വരുത്താതെ ഐഎഫ്എഫ്കെയുടെ ഒരു ഫെസ്റ്റിവൽ അദ്ദേഹം ഭംഗിയായി നടത്തി. ചെയർമാൻ അങ്ങനെ സുന്ദര സ്വപ്നങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഒരിടിത്തീ പോലെ പത്രത്തിൽ ആ വാർത്ത കാണുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ, ചെറുസൂചന പോലും നൽകാതെ, ഒരു യാത്ര ചോദിക്കാൻ പോലും സമയം അനുവദിക്കാതെ തന്നെ ആ കസേരയിൽ നിന്നും ചവിട്ടി പുറത്താക്കിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന സത്യം പത്രത്തിൽ നിന്നും അറിയുന്നത്.
അതിന്റെ കാരണമായി പ്രേംകുമാർ പറഞ്ഞത് ആശാ വർക്കേഴ്സിന്റെ സമരപ്പന്തലിൽ എത്തി അവർക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേഴിലാണെന്നാണ്. എന്നാൽ പാർട്ടിക്കാരിൽ പലരും പറഞ്ഞത് അയാൾ പാർട്ടിയുടെ പരിപാടികൾക്ക് വിളിച്ചാൽ അതിന് പങ്കെടുക്കണമെങ്കിൽ സെലിബ്രിറ്റികൾക്ക് കൊടുക്കുന്നത് പോലെയുള്ള തുക നൽകണമെന്ന് പറഞ്ഞു എന്നതാണ്; കൂടാതെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സുരാജിനു വേണ്ടി പ്രവർത്തിക്കാൻ ചെല്ലാത്തതും കാരണമായി പറയുന്നുണ്ട്. എന്തായാലും ഈ രണ്ടു കാര്യങ്ങൾ കൂടി ചേർന്നപ്പോൾ പ്രേംകുമാറിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ഇവിടെ നന്നായി പ്രവർത്തിച്ചാൽ മാത്രം പോരാ, പാർട്ടിയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് പെരുമാറുകയും വേണം; ഇല്ലെങ്കിൽ നിനച്ചിരിക്കാത്ത സമയത്ത് ചവിട്ടി പുറത്താക്കുമെന്ന സന്ദേശം എല്ലാവർക്കും നൽകുകയാണ് ഉണ്ടായത്.
ആരും വാഴാത്ത കസേരയിലേക്ക് പിന്നീട് ആനയിച്ചു കൊണ്ടുവന്നത് ചില്ലറക്കാരൻ ഒന്നുമല്ല, വലിയൊരു അവാർഡ് ജേതാവിനെ തന്നെയാണ്. മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ ഒരു അഭിമാനമാണ്. വൈകിയ വേളയിൽ എത്തിയതുകൊണ്ടാകാം ഈ ചെയറിൽ ഇരുന്നുകൊണ്ട് അദ്ദേഹത്തിന് കൂടുതൽ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല, അത് അദ്ദേഹത്തിന്റെ തിരക്കുമൂലവും ആകാം. എന്നാൽ ഇപ്പോൾ പ്രേംകുമാറിന് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ ഉതകുന്ന ഒരു സംഭവം സൈബർ ഇടങ്ങളിൽ കാട്ടുതീ പോലെ പടർന്നു കൊണ്ടിരിക്കുകയാണ്. അത് പുതിയ ചെയർമാനെയും പഴയ ബിഗ് ബോസ് താരമായ ഒരു സ്ത്രീയെയും ചുറ്റിപ്പറ്റിയാണ്. വാർത്ത അറിഞ്ഞവരൊക്കെ ഇത് സത്യമാണോ മിഥ്യയാണോ എന്നറിയാതെ ആകെ അന്താളിപ്പിലാണ്; തീയില്ലാതെ പുക വരില്ലല്ലോ എന്നാണ് പലരും പറയുന്നത്. എന്തൊക്കെയാണെങ്കിലും സോഷ്യൽ മീഡിയ ഇതൊരു ആഘോഷമാക്കി മാറ്റി എന്ന് പറയാതിരിക്കാൻ വയ്യ. ഇത്രയും ഉന്നതിയിലുള്ള ഒരാളെക്കുറിച്ച് കേൾക്കുന്ന വാർത്തയുടെ നിജസ്ഥിതി അറിയണമെന്ന് എനിക്കും തോന്നി.
ഈ സംഭവവുമായി ബന്ധപ്പെട്ട എന്റെ അടുത്ത പരിചയക്കാരനായ ഫിറോസ് ഖാനെ ഞാൻ വിളിച്ചിരുന്നു. ഒരു സിനിമാ കഥ പറയുന്നതുപോലെ അദ്ദേഹം എല്ലാ കാര്യങ്ങളും എന്നോട് വിശദീകരിച്ചു, അതെല്ലാം ഞാൻ വളരെ ഞെട്ടലോടെയാണ് കേട്ടത്. അത് അവരുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന വിഷയമായതുകൊണ്ട് പലതും വെളിപ്പെടുത്താൻ എനിക്ക് ബുദ്ധിമുട്ടുണ്ട്, ഞാൻ അതിലേക്കൊന്നും കടക്കുന്നതുമില്ല. എന്നാൽ ഒരു കാര്യം ഞാൻ തറപ്പിച്ചു പറയുന്നു, ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന വിവാദങ്ങളിൽ സത്യങ്ങൾ ഏറെയുണ്ടെന്ന് ഫിറോസ് വളരെ വേദനയോടുകൂടി പറഞ്ഞ ഒരു വാചകമുണ്ട്; എത്ര വലിയ അവാർഡ് വാങ്ങിച്ച ആളായാലും കർമ്മ എന്നൊന്നുണ്ട്, അത് അനുഭവിക്കുക തന്നെ ചെയ്യും.
ഈ വിഷയം ഇത്രയും ചർച്ചയാകാൻ കാരണം ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായിട്ടിരിക്കുന്ന ആളുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ടാണ്. ഈ വിഷയത്തിന്റെ പേരിൽ ചവിട്ടി പുറത്താക്കുമെന്നോ രാജിവച്ച് തലകുനിച്ച് ഇറങ്ങി പോകേണ്ടി വരുമെന്നോ പേടിക്കേണ്ടതില്ല; കാരണം ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൂടി മാത്രമല്ലേയുള്ളൂ ഈ ചെയർമാൻ സ്ഥാനത്തിന്റെ ആയുസ്സ്. ശാപമേറ്റ ഈ കസേരയ്ക്ക് ഒരു ശാപമോക്ഷം ഉണ്ടാകാനുള്ള സമയം അടുത്തുകൊണ്ടിരിക്കുന്നു. നമുക്ക് അതിനായി ക്ഷമയോടെ കാത്തിരിക്കാം. നല്ലത് മാത്രം സംഭവിക്കട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു, നന്ദി നമസ്കാരം.’’

