കണ്ടന്റ് ക്രിയേഷന്‍; വ്യക്തിഹത്യ, ജീവിതംവെച്ച് കളിക്കരുത്; യുവാവിന്‍റെ മരണത്തിൽ യുവതിക്കെതിരേ ആരോപണം

ബസിൽവെച്ച് ലൈംഗികാതിക്രമമെന്ന് ആരോപണം, വീഡിയോ പ്രചരിച്ചു; യുവാവ് ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: ബസിൽവെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരേ ആരോപണവുമായി കുടുംബവും സുഹൃത്തുക്കളും. കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലാണ് യുവതിക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നത്. വീഡിയോ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തിയെന്നാണ് ഉയരുന്ന ആരോപണം.

പയ്യന്നൂരിൽ വെച്ച് ബസിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതി കഴിഞ്ഞദിവസം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങൾ ഉണ്ടായതോടെ വീണ്ടും മറ്റൊരു വീഡിയോയുമായി ഇവർ രംഗത്തെത്തി. ബസിൽവെച്ച് നടന്ന കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ആണ് രണ്ടാമത് പങ്കുവെച്ചത്. ഇത് സുഹൃത്തിന്റെ ശ്രദ്ധയിൽപെടുകയും ദീപകിനെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച പുലർച്ചെയോടെ ദീപക്കിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വിഷയം ഞായറാഴ്ച സംസാരിക്കാമെന്ന് ദീപകിനോട് പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കി. “ഞായാറാഴ്ച കാണാം എന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു. എല്ലാം സംസാരിക്കാം. സമാധാനത്തോടെ നല്ല രീതിയിലാണ് അവൻ രാത്രിയിൽ സംസാരിച്ചത്. എന്തെങ്കിലും ശബ്ദത്തിൽ മാറ്റം വന്നാൽത്തന്നെ ഞാനറിയും. രാത്രി 9.30-നാണ് സംസാരിച്ചത്. പെൺകുട്ടി വീണ്ടും ഒരു വീഡിയോ കൂടി ഇട്ടപ്പോൾ അത് ഞാനവനോട് പറഞ്ഞിരുന്നു. ആ വീഡിയോ അയയ്ക്ക് എന്ന് ദീപക് പറഞ്ഞു. വീഡിയോ കാണേണ്ട രാവിലെ സംസാരിക്കാം എന്ന് പറഞ്ഞു. എന്നാൽ, വീണ്ടും ചോദിച്ചപ്പോ വീഡിയോ ഇട്ടുകൊടുത്തു. പിന്നെ മറുപടിയൊന്നും വന്നില്ല”, സുഹൃത്ത് പറഞ്ഞു.

“ഒരു ഗാർമെന്റ്സ് കമ്പനിയിൽ ജോലിചെയ്യുകയാണ് ദീപക്. വീട്ടുകാർക്കൊന്നും വീഡിയോ വന്ന കാര്യമറിയില്ല. സുഹൃത്തുക്കൾ സംസാരിച്ച് വീട്ടുകാരെ അറിയിക്കാമെന്നായിരുന്നു വിചാരിച്ചത്. ഇങ്ങനെ സംഭവിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല. ദീപകിന്റെ അമ്മയോട് രാവിലെയാണ് വീഡിയോയുടെ കാര്യം പറഞ്ഞത്. എല്ലാം കോമാളിത്തരമായിട്ടാണ് തോന്നുന്നത്. ജീവിതംവെച്ച് കളിക്കരുത് എന്നേ പറയാനുള്ളൂ. ഇതിനെതിരേ പ്രതിഷേധം ഉണ്ടാകും’, ദീപകിന്‍റെ സുഹൃത്ത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News