CrimeNationalNews

പശുക്കടത്ത് ആരോപണം; കർണാടകയിൽ യുവാവിനെ തല്ലിക്കൊന്നു

ബെംഗളൂരു: കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലീം യുവാവിനെ തല്ലിക്കൊന്നു. വ്യാപാരിയായ ഇദ്രിസ് പാഷയെന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പുനീത് കേരേഹള്ളി എന്നയാൾക്കെതിരെയും സംഘത്തിലെ കണ്ടാലറിയാവുന്നവർക്കെതിരേയും പൊലീസ് കേസെടുത്തു.

കർണാടകയിലെ രാമനഗര ജില്ലയിലെ സാത്തനൂർ വില്ലേജിൽ വെച്ചായിരുന്നു സംഭവം. സാത്തനൂർ വില്ലേജിലെ റോഡിൽ പാഷയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ‘പശു സംരക്ഷക സേന’ എന്ന പേരിലറിയപ്പെടുന്ന സംഘടനയുടെ തലവനാണ് പ്രതിയായ പുനീത്.

പ്രാദേശിക ചന്തയിൽ നിന്നും പശുക്കളുമായി മടങ്ങി വരുകയായിരുന്ന ഇന്ദ്രിസിനെ റോഡിൽവെച്ച് തടഞ്ഞു നിർത്തി പുനീതും സംഘവും ഉപദ്രരവിക്കുകയായിരുന്നു. ഇന്ദ്രിസ് പശുക്കളെ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട പേപ്പറുകൾ കാണിച്ചുവെങ്കിലും പുനീത് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു.

പണം നൽകാൻ യുവാവ് വിസമ്മതിച്ചതിനെ തുടർന്ന് പാഷയെ പുനീത് അധിക്ഷേപിക്കുകയും പാകിസ്ഥാൻ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം പുനീത് ഒളിവിലാണ്.

കൊലപാതകം, അന്യായമായി തടഞ്ഞു നിർത്തൽ, സമാധാനന്തരീക്ഷം തകർക്കൽ, മനഃപൂർവ്വം അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button