പ്രഗ്യാരാജ്: ബലപ്രയോഗത്തിലൂടെയാണെങ്കിലും ഓറല്‍ സെക്‌സിനെ കടുത്ത ലൈംഗികപീഡനക്കുറ്റമായി പരിഗണിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി(Allahabad high court). പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലംപ്രയോഗിച്ച് ഓറല്‍ സെക്‌സ് ചെയ്യിച്ച കേസില്‍ പ്രതിയുടെ അപ്പീല്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. കേസില്‍ 10 വര്‍ഷം ശിക്ഷ വിധിച്ചയാളുടെ ശിക്ഷാകാലാവധി ഏഴാക്കി കുറക്കുകയും ചെയ്തു.
പോക്‌സോ നിയമം(POCSO Act) സെക്ഷന്‍ നാല് പ്രകാരം ഓറല്‍ സെക്‌സ് പെനട്രേറ്റീവ് ലൈംഗിക പീഡനത്തില്‍ ഉള്‍പ്പെടുത്തുമെങ്കിലും സെക്ഷന്‍ ആറ് പ്രകാരം ശിക്ഷ വിധിക്കാവുന്ന ഗുരുതരമായ പെനട്രേറ്റീവ് ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതി കുട്ടിയെ ബലം പ്രയോഗിച്ച് ഓറല്‍ സെക്‌സ് ചെയ്യിച്ചെന്ന കേസില്‍ 10 വര്‍ഷം തടവിന് ശിക്ഷിച്ച പ്രതിയുടെ കാലാവധി ഏഴ് വര്‍ഷമാക്കി ഹൈക്കോടതി കുറച്ചു.
ഝാന്‍സി കോടതി ശിക്ഷിച്ച സോനു കുശ്വാഹ എന്നയാളാണ് കീഴ്്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പോക്‌സോ സെക്ഷന്‍ നാല് നിയമപ്രകാരം പ്രതിയുടേത് പെനട്രേറ്റീവ് ലൈംഗിക പീഡനമാണെന്നും ഝാന്‍സി കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സംഭവം പുറത്ത് പറയാതിരിക്കാന്‍ 20 രൂപയാണ് പ്രതി കുട്ടിക്ക് നല്‍കിയത്.
പുറത്ത് പറഞ്ഞാല്‍ കുട്ടിയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പോക്‌സോ സെക്ഷന്‍ അഞ്ച്, ആറ് പ്രകാരം ഓറല്‍ സെക്‌സ് ഗുരുതരമായ പെനട്രേറ്റീവ് ലൈംഗിക പീഡനമല്ലെന്ന് കോടതി വ്യക്തമാക്കി. അതുകൊണ്ട് തന്നെ സെക്ഷന്‍ ആറ് പ്രകാരമല്ല, സെക്ഷന്‍ നാല് പ്രകാരമാണ് ശിക്ഷ നിര്‍ണയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.