കൊച്ചി:മലയാള സിനിമയിലെ മുതിര്‍ന്ന നടിമാരില്‍ ഒരാളാണ് സീനത്ത്. വില്ലത്തി വേഷങ്ങളിലും അമ്മ വേഷങ്ങളിലുമൊക്കെ തിളങ്ങിയിട്ടുള്ള നടി ഒരു സംവിധായിക കൂടിയാണ്. തുടക്കത്തില്‍ നാടകരംഗത്തേക്ക് എത്തുന്ന മുസ്ലിം സ്ത്രീകളില്‍ ഒരാള്‍ സീനത്തായിരുന്നു. അക്കാലത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പലപ്പോഴായി നടി പറഞ്ഞിട്ടുണ്ട്.
അതേ സമയം സംവിധാനത്തിലേക്കുള്ള തന്റെ വരവ് അപ്രതീക്ഷിതമായിരുന്നെന്നാണ് നടിയിപ്പോള്‍ പറയുന്നത്. ഒരു ചാനലിന് നല്‍കിയ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് സ്വന്തമായി രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്നതിലേക്ക് എത്തിയതിനെ കുറിച്ച് സീനത്ത് പറയുന്നത്.
പണ്ടും ഇന്നത്തേത് പോലെ ഉണ്ടായിട്ടുണ്ടാവും. ഇന്ന് സോഷ്യല്‍ മീഡിയ കൂടൂതലായി ഉപയോഗിക്കുന്നതിനാല്‍ വാര്‍ത്തകള്‍ വേഗം പുറത്ത് വരുന്നു. അന്ന് പല കാര്യങ്ങളും പുറത്ത് വന്നിട്ടില്ലെങ്കിലും നടിമാര്‍ക്കടക്കം പല മോശം അനുഭവങ്ങളും അക്കാലത്ത് ഉണ്ടായിട്ടുണ്ടാവും. പുറത്ത് പറഞ്ഞാല്‍ ചീത്തപ്പേരാവുമെന്ന് ഓര്‍ത്ത് പലരും മിണ്ടാതെ ഇരുന്നതാവാമെന്നാണ് സീനത്ത് പറയുന്നത്.
സംവിധാനത്തിലേക്ക് ഇത്ര എളുപ്പത്തിന് ഞാനെത്തുമെന്ന് ഒരിക്കല്‍ പോലും കരുതിയിട്ടില്ല. ഇടയ്ക്ക് അസോസിയേഷനിലൊക്കെ പോവുമായിരുന്നു. ചെറിയ ഡ്രാമകളൊക്കെ അവിടെ കാണിക്കും എന്നേ ഉണ്ടായിരുന്നുള്ളു. പിന്നെ എനിക്ക് തോന്നുന്ന ചെറിയ കഥകളൊക്കെ എഴുതും. അങ്ങനെയിരിക്കുമ്പോഴാണ് ഒരു നാടകം ചെയ്യാമെന്ന് തീരുമാനിക്കുന്നത്. ട്രാന്‍സ് ജെന്‍ഡറുടെ ഒരു കഥയായിരുന്നു. ഒന്നര മണിക്കൂര്‍ നീളുന്ന നാടകം.
അതെഴുതി കഴിഞ്ഞപ്പോഴാണ് എന്റെ സുഹൃത്ത് ആ കഥ കേള്‍ക്കുന്നത്. അവര്‍ക്ക് സിനിമയാക്കാനാണ്. എന്നാല്‍ ഞാന്‍ നാടകത്തിനാണെന്ന് അവരോട് പറഞ്ഞു. ആരെങ്കിലും സിനിമ തരാമെന്ന് പറയുമ്പോള്‍ നാടകം മതിയെന്ന് പറയുമോന്ന് പറഞ്ഞ് എല്ലാവരും എന്നെ കളിയാക്കി. നാടകവും സിനിമയും എഴുത്തില്‍ വ്യത്യസ്തമാണ്. നാടകത്തിന് ഡയലോഗ് മാത്രമേയുള്ളു. തിരക്കഥ വേറെ വേണം. ജോസ് തോമസ് വന്നിട്ട് ആ കഥ കേട്ടു. പക്ഷേ അത് വര്‍ക്കൗട്ടായില്ല.
എനിക്കത് സിനിമയാക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് അതങ്ങനെ കഴിഞ്ഞെന്ന് നടി പറയുന്നു. പിന്നെ വിചാരിച്ചു, അത് സിനിമയാക്കിയാലോ എന്ന്. അങ്ങനെ സിനിമയ്ക്കായി മാറ്റിയെഴുതി. രണ്ടാം നാളിന്റെ കഥയെഴുതുന്നത്. ഇക്കാര്യം ആരോടും പറഞ്ഞില്ല. കാരണം നമ്മള്‍ ചെയ്യുന്ന റോളുകള്‍ക്ക് അനുസരിച്ചിട്ടാണ് ആളുകള്‍ നമ്മളെ തിരിച്ചറിയുന്നത്. ചെറിയ ചെറിയ വേഷങ്ങള്‍, അമ്മ വേഷങ്ങള്‍ ഇതൊക്കെ നോക്കിയാണ് പലരും നമ്മളെ മനസിലാക്കുന്നത്.
അല്ലാതെ അഭിമുഖങ്ങളില്‍ പോലും ഒന്നിനെ കുറിച്ചും സംസാരിക്കാറില്ല. അതുകൊണ്ടാണ് ഞാനൊരു കഥ എഴുതി എന്നുള്ള കാര്യം പുറത്ത് പറയാതിരുന്നതെന്നാണ് സീനത്ത് വ്യക്തമാക്കുന്നത്. പിന്നെ നമ്മളൊരാളോട് പോയി കഥ പറഞ്ഞാലും അത് ഞാനെഴുതിയതാണെന്ന് ആരും വിശ്വസിക്കില്ല. കാരണം അതിന് മുന്‍പ് അങ്ങനൊന്നും ചെയ്തിട്ടില്ലല്ലോ. അതുകൊണ്ട് ആരോടെങ്കിലും പറയാനും പേടിയായിരുന്നെന്ന് നടി പറയുന്നു.