വാഷിങ്ടൺ: അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കനേഡിയൻ ഭാഗത്ത് കാണാതായ അന്തർവാഹിനിക്കായി തെരച്ചിൽ തുടരുന്നു. രണ്ട് ദിവസം മുൻപാണ് ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാൻ 5 വിനോദ സഞ്ചാരികളുമായി പോയ അന്തർ വാഹിനി കാണാതായത്. ഇനി ഒരു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രമാണ് അന്തർ വാഹനിയിൽ ശേഷിക്കുന്നത്. ഇന്നലെ രാത്രിയും സമുദ്രാന്തർഭാഗത്ത് തെരച്ചിൽ തുടർന്നു.
ഇതുവരെ ഏകദേശം ഇരുപത്തി ആറായിരം ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് തെരച്ചിൽ നടത്തി. കനേഡിയൻ നാവികസേനയ്ക്കൊപ്പം അമേരിക്കൻ കോസ്റ്റ്ഗാർഡും തെരച്ചിലിനായി രംഗത്തുണ്ട്. ഇന്നലെ വൈകിട്ടോടെ ഡീപ് എനർജി എന്ന മറ്റൊരു കപ്പൽക്കൂടി അറ്റ്‍ലാന്‍റിക്കിൽ തെരച്ചിൽ നടത്തുന്നുണ്ട്. അമേരിക്കൻ കോസ്റ്റ് ഗാർഡിന്‍റെ രണ്ട് വിമാനങ്ങളും നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്.
അന്തർവാഹിനി കപ്പലിൽ ബ്രിട്ടീഷ് കോടീശ്വരനുമെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആഫ്രിക്കയിൽ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിക്കാൻ നിർണായക പങ്കുവഹിച്ച കോടീശ്വരൻ ഹാമിഷ് ഹാർഡിങ്ങാണ് അപകടത്തിൽപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് സംശയിക്കുന്നത്. ഹാർഡിങ്ങിനെക്കൂടാതെ, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് സ്ഥാപകൻ സ്റ്റോക്ക്‌ടൺ റഷ്, പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്.
കാനഡയിൽ നിന്നും യാത്ര തിരിച്ച കപ്പലാണ് കാണാതായത്. അന്തർവാഹിനി കാണാതായ വിവരം ആദ്യം റിപ്പോർട്ട് ചെയ്യുന്നത് ബിബിസിയാണ്. എപ്പോഴാണ് അന്തർവാഹിനി കാണാതായത് എന്നോ, കൃത്യമായി എത്ര യാത്രക്കാരാണ് ഇതിൽ ഉള്ളത് എന്ന കാര്യത്തിലോ ഇനിയും വ്യക്തതയില്ല എന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യാത്രയുടെ സംഘാടകർ യുഎസ് കമ്പനിയായ ഓഷൻഗേറ്റ് എക്സ്പഡീഷൻസാണ്. വളരെ സാഹസികമായ, സമുദ്രാന്തർഭാഗമടക്കം സന്ദർശിച്ചു കൊണ്ടുള്ള അനേകം യാത്രകളും പരിപാടികളും സാധാരണയായി ഓഷൻഗേറ്റ് സംഘടിപ്പിക്കാറുണ്ട്.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള ഈ യാത്രയ്ക്ക് ഓരോ യാത്രക്കാരിൽ നിന്നും രണ്ടുകോടി രൂപയാണ് കമ്പനി ഈടാക്കിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. എട്ട് ദിവസത്തെ പര്യടനം ഉൾക്കൊള്ളുന്നതാണ് ഈ യാത്ര. കാണാതായവരെ എത്രയും പെട്ടെന്ന് കണ്ടെത്താനും അവരുടെ കുടുംബങ്ങൾക്ക് ഒരു നല്ല വാർത്ത സമ്മാനിക്കാനുമാണ് തങ്ങൾ ശ്രമിക്കുന്നത് എന്നാണ് അന്തർവാഹിനി കാണാതായതിനെ തുടർന്ന് ഓഷൻഗേറ്റ് കമ്പനി പ്രതികരിച്ചത്.
അടുത്തിടെ കമ്പനി തങ്ങളുടെ എട്ട് ദിവസത്തെ പര്യടനവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു. അതിൽ അന്തർവാഹിനിയിൽ ജീവനക്കാരടക്കം അഞ്ചുപേരെ ഉൾക്കൊള്ളും എന്നും വ്യക്തമാക്കിയിരുന്നു. ഏതായാലും കാണാതായവരെ കണ്ടെത്താനുള്ള ശ്രമം സജീവമായി തുടരുകയാണ്. യുഎസ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.