ചെന്നൈ: ഹെല്‍മെറ്റ് ധരിക്കാത്തതിനടക്കം പിഴത്തുക കുത്തനെ ഉയര്‍ത്തിയ വ്യവസ്ഥകളുമായി മോട്ടോര്‍ വാഹനനിയമത്തില്‍ വരുത്തിയ ഭേദഗതി തമിഴ്നാട്ടില്‍ നിലവില്‍വന്നു. ആംബുലന്‍സ്, അഗ്‌നിരക്ഷാസേനാ വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തവരില്‍നിന്നും 10,000 രൂപ ഈടാക്കാന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ 2000 രൂപവരെ പിഴയീടാക്കും. ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ നേരത്തെ 100 രൂപയായിരുന്നു പിഴയെങ്കില്‍ ഇപ്പോള്‍ 1000 രൂപയായി ഉയര്‍ത്തി. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചാല്‍ ആദ്യം 1000 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപയും ഈടാക്കും.
ഗുരുതരമായ നിയമലംഘനത്തിന്റെ പേരില്‍ ലൈസന്‍സ് റദ്ദാക്കിയവര്‍ വീണ്ടും വാഹനമോടിച്ചതായി കണ്ടെത്തിയാല്‍ 10,000 രൂപ പിഴനല്‍കേണ്ടിവരും. ബൈക്ക് ഓടിക്കുന്നയാള്‍ മദ്യപിച്ചതായി കണ്ടെത്തിയാല്‍ പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്നവരില്‍നിന്നും പിഴ ഈടാക്കും.
ഇതേപോലെ കാര്‍ ഓടിക്കുന്നയാള്‍ മദ്യപിച്ചതായി കണ്ടെത്തിയാല്‍ കാറില്‍ സഞ്ചരിക്കുന്ന എല്ലാവരും പിഴനല്‍കേണ്ടിവരും. ബാരിക്കേഡ് നീക്കുക, സിഗ്‌നല്‍ പാലിക്കാതിരിക്കുക, ഇന്‍ഷുറന്‍സില്ലാത്ത വാഹനം ഓടിക്കുക, എന്നിവയ്ക്കും പിഴയുണ്ട്.