തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ ഐടി കമ്പനികൾക്കും സംസ്ഥാനത്തെ തൊഴിൽ നിയമങ്ങളെല്ലാം ബാധകമാണെന്ന് സർക്കാർ. നിയമ സഭയിൽ അഡ്വ. വി. ആർ സുനിൽ കുമാർ എംഎൽഎ ഉന്നയിച്ച സബ്‍മിഷന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്.
1960ലെ കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ച് ഓരോ തൊഴിലാളിയുടെയും ഒരു ദിവസത്തെ ജോലിസമയം വിശ്രമം ഉൾപ്പെടെ 9 മണിക്കൂർ ആണ്. ഇത് സ്‌പ്രെഡ് ഓവർ ഉൾപ്പെടെ പത്തര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ടെന്നും വർഷം 12 കാഷ്വൽ ലീവ്, 12 വാർഷിക ലീവ്, 12 സിക്ക് ലീവ് എന്നിവയ്ക്ക് അർഹതയുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
സബ്മിഷന് നൽകിയ മറുപടിയുടെ പൂർണരൂപം സംസ്ഥാനത്ത് ഐടി മേഖലയിൽ നിരവധി അന്താരാഷ്ട്ര കമ്പനികൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഈ സ്ഥാപനങ്ങൾ കൂടുതലും ഔട്ട്‌സോഴ്‌സിംഗ് ജോലികൾ ചെയ്തുവരുന്നവയാണ്. അവ ഏറ്റെടുക്കുന്ന പ്രോജക്ടുകൾ നിശ്ചിത സമയത്ത് ചെയ്തു കൊടുക്കുന്നു. കോവിഡ് കാലഘട്ടത്തിൽ ഐ.ടി മേഖലകളിൽ നടപ്പിലാക്കിയ വർക്ക് ഫ്രം ഹോം സംവിധാനം ഇപ്പോഴും മിക്ക സ്ഥാപനങ്ങളിലും തുടർന്ന് വരുന്നുണ്ട്.
സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്ന ഐ.ടി സ്ഥാപനങ്ങളെല്ലാം ഇവർക്ക് ബാധകമായ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരുന്നുണ്ട്. ഓരോ നിയമവും നൽകുന്ന സംരക്ഷണം ജീവനക്കാർക്ക് ലഭിക്കുന്നുണ്ടോ എന്നത് തൊഴിൽ വകുപ്പ് ഉറപ്പ് വരുത്തുന്നുണ്ട്. 1960ലെ കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ച് ഓരോ തൊഴിലാളിയുടെയും ഒരു ദിവസത്തെ ജോലിസമയം വിശ്രമം ഉൾപ്പെടെ 9 മണിക്കൂർ ആണ്. ആയത് സ്‌പ്രെഡ് ഓവർ ഉൾപ്പെടെ പത്തര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്.
4 മണിക്കൂർ ഇടവേളകളിലും 1 മണിക്കൂർ വിശ്രമം തൊഴിലുടമ തൊഴിലാളികൾക്ക് അനുവദിക്കേണ്ടതാണ്. കൂടാതെ ഒരു വർഷം 12 കാഷ്വൽ ലീവ്, 12 വാർഷിക ലീവ്, 12 സിക്ക് ലീവ് എന്നിവ നിയമം ഉറപ്പു വരുത്തുന്നു. രാത്രികാലങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി രാത്രി 9 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ സ്ത്രീ തൊഴിലാളികളെ ജോലിക്ക് 5 പേരടങ്ങുന്ന ഗ്രൂപ്പായി മാത്രമേ നിയോഗിക്കാവൂയെന്നും അത്തരത്തിൽ ഒരു ഗ്രൂപ്പിൽ കുറഞ്ഞത് 2 പേർ സ്ത്രീ ജീവനക്കാരായിരിക്കണമെന്നും 1960-ലെ കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
രാത്രികാലങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീതൊഴിലാളികൾക്ക് താമസ സ്ഥലം മുതൽ ജോലി സ്ഥലം വരെയും തിരിച്ചും വാഹന സൗകര്യം തൊഴിലുടമ നൽകണമെന്നും ടി നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനത്ത് തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിനായി തൊഴിൽ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവർത്തിച്ചു വരുന്നുണ്ട്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി കമ്പനികളിലെ ജീവനക്കാരിൽ നിന്നും അമിത ജോലിഭാരം, മറ്റ് മാനസിക സംഘർഷം എന്നിവ സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതികൾ ലഭിക്കുന്ന അവസരങ്ങളിൽ തൊഴിൽ വകുപ്പ് സത്വരമായി ഇടപെട്ട് ക്രിയാത്മകമായ നടപടികൾ സ്വീകരിക്കാറുണ്ട്. സംസ്ഥാനം വ്യവസായ സൗഹൃദം ആക്കുന്നതിനും തൊഴിലിടങ്ങളിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന തൊഴിൽപരമായ പ്രശ്‌നങ്ങൾ അറിയിക്കുന്നതിനായി തൊഴിൽ വകുപ്പ് സഹജ എന്ന പേരിൽ സ്ത്രീകൾക്ക് മാത്രമായി ഒരു കോൾ സെന്റർ പ്രാവർത്തികമാക്കിയിട്ടുണ്ട്. (നമ്പർ: 1800 425 552 15) സ്ത്രീ ജീവനക്കാർക്ക് അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെ പരാതി നൽകി പരിഹാരം കാണുന്നതിന് കഴിയുന്നു. വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർ നേരിടുന്ന അമിത ജോലി ഭാരവും മാനസിക സംഘർഷങ്ങളും മൂലം വർദ്ധിച്ചുവരുന്ന ആത്മഹത്യ അടക്കമുള്ള വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിന് സംസ്ഥാന തലത്തിൽ ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നത് വളരെ പ്രയോജനകരമായിരിക്കും.
സംഘടിത മേഖലയുടെ പരിധിയിൽ വരുന്ന വ്യവസായ ശാലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ വിവിധ നിയമങ്ങളിലൂടെ നടപ്പിലാക്കി തൊഴിൽ അപകടങ്ങളും, തൊഴിൽ ജന്യ രോഗങ്ങളും ഇല്ലാതാക്കുക എന്നതാണ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ മുഖ്യ ലക്ഷ്യം. ഒരു തൊഴിലാളിയെക്കൊണ്ട് ഒരു ദിവസം 8 മണിക്കൂറിൽ കൂടുതലോ ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതലോ ജോലി ചെയ്യിക്കാൻ പാടില്ലായെന്ന് നിലവിലെ ഫാക്ടറി നിയമം 1948 അനുശാസിക്കുന്നുണ്ട്.
എന്നാൽ ഐ.ടി മേഖലയുൾപ്പെടെയുള്ള അസംഘടിത മേഖലകളിൽ തൊഴിലാളികൾക്ക് അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും ഉണ്ടാകുന്നതായി മനസ്സിലാക്കുന്നു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ കീഴിൽ വരുന്ന ഫാക്ടറികളിലെ തൊഴിലാളികളിൽ നിന്നും അമിത ജോലിഭാരം, മാനസിക സമ്മർദ്ദം എന്നിവ സംബന്ധിച്ച് പരാതികൾ ഒന്നും തന്നെ നാളിതുവരെ ലഭിച്ചിട്ടില്ല. എന്നാൽ തൊഴിലാളികളെ നിയമപരമായി അനുവദിച്ചിട്ടുള്ള സമയത്തിൽ കൂടുതൽ ജോലി ചെയ്യിക്കുമ്പോൾ ആയത് അവരുടെ മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടുകൾ, പ്രത്യേകിച്ച് സ്ത്രീകളിൽ ഉണ്ടാകുന്നതായി പഠനങ്ങൾ മുഖേന തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ഇക്കാരണങ്ങളാൽ പലതരം അപകടങ്ങൾ സംഭവിക്കുകയും തൊഴിലാളികളുടെ സുരക്ഷിതത്വവും ജീവന് വരെയും നഷ്ടപ്പെടുന്നതിനുള്ള സാഹചര്യവും ഉണ്ടാകാവുന്നതാണ്. ഐ.ടി മേഖലയുൾപ്പെടെയുള്ള സംസ്ഥാനത്തിലെ മുഴുവൻ സംഘടിത-അസംഘടിത മേഖലകളിലെയും തൊഴിലാളികൾക്ക് തൊഴിലിടങ്ങളിലെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനതലത്തിൽ ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുന്ന കാര്യം ഉചിത തലങ്ങളിൽ ചർച്ചയ്ക്കും പരിശോധനയ്ക്കും ശേഷം തീരുമാനിക്കുന്നതാണ്.