തിരുവനന്തപുരം: കൊവിഡ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഉടന്‍ വാക്സിന്‍ നല്‍കാന്‍ തീരുമാനം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
കെ.എസ്.ആര്‍.ടി.സിയിലെ 18-44 വയസിന് ഇടയിലുള്ള അര്‍ഹരായ എല്ലാ ജീവനക്കാര്‍ക്കും ഉടന്‍ തന്നെ വാക്സിന്‍ ലഭ്യമാക്കുമെന്ന് എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു.
യൂണിറ്റ് അടിസ്ഥാനത്തിലാണ് വാക്സിന്‍ കുത്തിവയ്ക്കുന്നത്. യൂണിറ്റുകളിലും, ചീഫ് ഓഫീസുകളിലും ഒരു നോഡല്‍ അസിസ്റ്റന്റിനെ ഇതിനായി ചുമതലപ്പെടുത്തും. നോഡല്‍ അസിസ്റ്റന്റുമാര്‍ വാക്സിന്‍ ലഭ്യമാകുന്ന സര്‍ക്കാര്‍ പോര്‍ട്ടലില്‍ ജീവനക്കാരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും.
കൊവിഡ് പോസിറ്റീവ് ആയ ജീവനക്കാര്‍ക്ക് നെഗറ്റീവ് ആയി ആറ് ആഴ്ചകള്‍ക്ക് ശേഷമേ വാക്സിന്‍ നല്‍കുകയുള്ളൂ.വ്യാഴാഴ്ച മുതല്‍ ഇതിന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ് എന്ന മുന്‍ഗണന ക്രമത്തിലാകും വാക്സിന്‍ ലഭ്യമാക്കുക.
കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.