‘അത് ചുവപ്പ് കാർഡ് ‘ മെസ്സിയെ വിടാതെ അൾജീരിയ, വിവാദ ഫൗളിൽ ഫിഫയ്ക്ക് പരാതി

‘അത് ചുവപ്പ് കാർഡ് തന്നെ’; മെസ്സിയെ വിടാതെ അൾജീരിയയും, വിവാദ ഫൗളിൽ ഫിഫയ്ക്ക് പരാതി

ലോസ് അഞ്ജലീസ്: അർജന്റീനയും അൾജീരിയയും തമ്മിലുള്ള മത്സരത്തിലെ മെസ്സിയുടെ ഫൗളിൽ വിവാദം പുകയുന്നു. അൾജീരിയൻ താരം ഐസാ മെൻഡിയുടെ കാലിൽ ചവിട്ടിയ മെസ്സിക്ക് ചുവപ്പ് കാർഡ് നൽകാത്തതിൽ വൻ വിമർശനങ്ങളാണ് ഉയരുന്നത്. വിഷയത്തിൽ അൾജീരിയ ഫിഫയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഇത് അനീതിയാണെന്ന് ആരോപിച്ചാണ് അൾജീരിയൻ ടീമിന്റെ നീക്കം.

17-ാം മിനിറ്റിൽ മെസ്സി ആദ്യഗോൾ നേടിയതിന് പിന്നാലെയാണ് സംഭവം. പന്തിനായുള്ള പോരാട്ടത്തിനിടെ മെസ്സി അൾജീരിയൻ നായകന്റെ കാലിൽ ചവിട്ടുകയായിരുന്നു. കാലിന്റെ പിൻഭാഗത്താണ് മെസ്സി ചവിട്ടിയത്. റഫറി ഉടൻതന്നെ ഫൗൾ വിളിക്കുകയും അൾജീരിയയ്ക്ക് ഫ്രീകിക്ക് അനുവദിക്കുകയും ചെയ്തു. എന്നാൽ, മെസ്സിക്ക് മഞ്ഞക്കാർഡ് പോലും നൽകാത്തത് ആരാധകർ വിമർശിച്ച് രംഗത്തെത്തി. മെസ്സിക്കെതിരേ ഒരുനടപടിയും ഉണ്ടാകാതിരുന്നത് വലിയ ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മെസ്സിക്കെതിരേ കടുപ്പിക്കാൻ അൾജീരിയ തീരുമാനിച്ചത്.

മെസ്സിയുടെ ഫൗൾ ചുവപ്പ് കാർഡ് അർഹിക്കുന്നതാണെന്ന് അൾജീരിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ നടപടിയെടുക്കാത്ത മൂന്ന് സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഒന്നിൽ പോലും വാർ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ‘അർജന്റീന കരുത്തരല്ലെന്ന് ഞങ്ങൾ പറയുന്നില്ല. എന്നാൽ അനീതിക്കെതിരേ നിശബ്ദത പാലിക്കാനാവില്ല.’ – അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

കടുത്ത ഫൗളായിട്ടും മെസ്സിക്ക് കാർഡ് കൊടുക്കാത്തതതാണ് ആരാധകരെ ചൊടിപ്പിച്ചത്. പലരും ഇത് ചോദ്യംചെയ്തു. പിറകിൽനിന്ന് വന്ന് കാലിന്റെ പിൻഭാഗത്ത് നേരിട്ടാണ് ചവിട്ടുന്നതെന്നും ഇത് ചുവപ്പ് കാർഡ് കൊടുക്കേണ്ടതാണെന്നും വാദമുയർത്തി. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മെസ്സിയായതുകൊണ്ടാണോ കാർഡ് നൽകാതിരുന്നതെന്നും എന്തുകൊണ്ടാണ് വാർ പരിശോധന നടത്താതിരുന്നതെന്നും ചിലർ ചോദിക്കുന്നു.

അതേസമയം മത്സരത്തിൽ മെസ്സി ഹാട്രിക് തികച്ചിരുന്നു. അതോടെ മെസ്സിയുടെ ആകെ ലോകകപ്പ് ഗോൾനേട്ടം 16 ആയി ഉയർന്നു. ലോകകകപ്പിൽ ഏറ്റവും കൂടുതൽ ഗോളെന്ന റെക്കോഡ് നേട്ടത്തിൽ മുൻ ജർമൻ സ്‌ട്രൈക്കർ മിറോസ്ലാവ് ക്ലോസെയ്‌ക്കൊപ്പമെത്താനും മെസ്സിക്ക് കഴിഞ്ഞു. ഒരു ഗോൾകൂടി പിറന്നാൽ മെസ്സി ക്ലോസെയെയും മറികടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News