നവാൽനിയെ കൊലപ്പെടുത്തിയത് തവളയിൽനിന്നുള്ള മാരകവിഷം നൽകി, റഷ്യയ്ക്കെതിരെ സംയുക്തപ്രസ്താവന

നവാൽനിയെ കൊലപ്പെടുത്തിയത് തവളയിൽനിന്നുള്ള മാരകവിഷം നൽകി, റഷ്യയ്ക്കെതിരെ സംയുക്തപ്രസ്താവന

ലണ്ടൻ: പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ റഷ്യ കൊലപ്പെടുത്തിയതാണന്ന ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങൾ. വിഷമുള്ള തവളയുടെ തൊലിയിൽനിന്നുള്ള മാരകമായ വിഷം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് ആരോപണം. ജയിലിൽവെച്ച് വിഷം നൽകിയതിനെ തുടർന്നാണ് നവാൽനിയുടെ മരണം സംഭവിച്ചതെന്ന് ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചതായും സംയുക്തപ്രസ്താനയിൽ രാജ്യങ്ങൾ പറഞ്ഞു.

രണ്ട് വർഷം മുൻപായിരുന്നു നവാൽനിയുടെ മരണം. നവാൽനിയുടെ ശരീരത്തിൽനിന്നുള്ള സാമ്പിളുകളിൽ നടത്തിയ പരിശോധനകളിൽ എപ്പിബാറ്റിഡിൻ എന്ന വിഷാംശം കണ്ടെത്തിയതായി യുകെ, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നെതർലാൻഡ്സ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങൾ ശനിയാഴ്ച അറിയിച്ചു. തെക്കേ അമേരിക്കയിൽ കണ്ടുവരുന്ന വിഷമുള്ള തവളകളിലാണ് എപ്പിബാറ്റിഡിൻ കാണപ്പെടുന്നതെന്നും റഷ്യയിൽ സാധാരണമായി ഇത് ലഭ്യമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

ലണ്ടനിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, റഷ്യയ്ക്ക് ഈ വിഷം നൽകാൻ ആവശ്യമായ മാർഗ്ഗങ്ങളും പ്രേരണയും അവസരവുമുണ്ടെന്ന് അഞ്ച് സർക്കാരുകൾ പറഞ്ഞു. കെമിക്കൽ വെപ്പൺസ് കൺവെൻഷൻ ലംഘിച്ചതിന് റഷ്യയെ കെമിക്കൽ വെപ്പൺസ് നിരോധന സംഘടനയ്ക്ക് മുന്നിൽ റിപ്പോർട്ട് ചെയ്തതായും അവർ അറിയിച്ചു. “നവാൽനിയെ റഷ്യ ഒരു ഭീഷണിയായി കണ്ടു. ഈ വിഷം ഉപയോഗിക്കുന്നതിലൂടെ റഷ്യൻ ഭരണകൂടം തങ്ങൾക്കു ലഭ്യമായ നിന്ദ്യമായ മാർഗ്ഗങ്ങളും രാഷ്ട്രീയ എതിർപ്പിനോടുള്ള അമിതമായ ഭയവും പ്രകടമാക്കിയിരിക്കുന്നു,” ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യവെറ്റ് കൂപ്പർ പറഞ്ഞു.

അഴിമതിക്കെതിരെ പോരാടുകയും പ്രസിഡന്റ് വ്‌ളാദിമിർ പുതിനെതിരെ വൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത നവാൽനി 2024 ഫെബ്രുവരിയിൽ ആർട്ടിക് പീനൽകോളനിയിലാണ് മരിച്ചത്. 19 വർഷത്തെ തടവുശിക്ഷയാണ് അദ്ദേഹം അനുഭവിച്ചിരുന്നത്. രണ്ട് സ്വതന്ത്ര ലബോറട്ടറികൾ ഭർത്താവിന് മരിക്കുന്നതിന് തൊട്ടുമുൻപ് വിഷം നൽകിയതായി കണ്ടെത്തിയെന്ന് നവാൽനിയുടെ ഭാര്യ യൂലിയ നവാൽനി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. നവാൽനിയുടെ മരണത്തിന് പുതിനാണ് ഉത്തരവാദിയെന്ന് അവർ ആവർത്തിച്ച് ആരോപിച്ചു. റഷ്യൻ ഉദ്യോഗസ്ഥർ ഈ ആരോപണം നിഷേധിച്ചു.

2020-ൽ, നവാൽനിയ്ക്ക് വിഷബാധയേറ്റിരുന്നു. വിഷബാധയേ തുടർന്ന് നാഡീവ്യൂഹങ്ങൾക്ക് തകരാർ സംഭവിച്ചിരുന്നു. കുടുംബവും സഖ്യകക്ഷികളും അദ്ദേഹത്തെ ചികിത്സയ്ക്കും പരിചരണത്തിനും ജർമ്മനിയിലേക്ക് കൊണ്ടുപോയി. അഞ്ച് മാസത്തിന് ശേഷം അദ്ദേഹം റഷ്യയിലേക്ക് മടങ്ങിയെത്തി. തുടർന്ന് അദ്ദേഹത്തെ റഷ്യൻ അധികൃതർ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു. ജയിലിൽ കഴിയവേയാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്. 

എന്താണ് എപ്പിബാറ്റിഡിൻ?

സാധാരണയായി കാണപ്പെടുന്ന വിഷങ്ങളേക്കാൾ എത്രയോ മടങ്ങ് മാരകമാണിത്

ഉറവിടം: ഇക്വഡോറിലെ മഴക്കാടുകളിൽ കാണപ്പെടുന്ന ‘ഫാന്റസ്മൽ പോയിസൺ ഫ്രോഗ്’ എന്നറിയപ്പെടുന്ന തവളകളുടെ തൊലിയിലാണ് ഈ വിഷം കാണപ്പെടുന്നത്.

വീര്യം: സാധാരണ ഉപയോഗിക്കുന്ന വേദനാസംഹാരിയായ മോർഫിനേക്കാൾ 200 മടങ്ങ് ശക്തിയുള്ളതാണ് ഈ ന്യൂറോടോക്സിൻ.

പ്രവർത്തന രീതി: ഇത് ശരീരത്തിലെ ശ്വസനപ്രക്രിയയെയും പേശികളുടെ ചലനത്തെയും നിയന്ത്രിക്കുന്ന സിഗ്നലുകളെ തടയുന്നു. മിനിറ്റുകൾക്കുള്ളിൽ ശരീരം തളരുകയും (Paralysis), ശ്വാസം മുട്ടി മരണം സംഭവിക്കുകയും ചെയ്യും.

Five European countries—UK, France, Germany, Sweden, and the Netherlands—have jointly alleged that Russian opposition leader Alexei Navalny was murdered using Epibatidine, a lethal toxin found in South American poison dart frogs. Laboratory analysis of samples confirmed the presence of this neurotoxin, which is not found naturally in Russia. The countries stated that the Russian government had the “means, motive, and opportunity” to administer this poison while Navalny was in prison.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News