പാലക്കാട്: യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും യൂ ട്യൂബറായ യുവാവ് അറസ്റ്റിൽ. ചെർപ്പുളശ്ശേരി – തൂത നെച്ചിക്കോട്ടിൽ അക്ഷജിനെ(21)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനുമാണ് അറസ്റ്റ്.
ഇയാൾക്കെതിരെ പാരാതി ലഭിച്ചതിനെ തുടർന്ന് ചെർപ്പുളശ്ശേരി റെയ്ഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എസ്. സമീറിന്റെ നേതൃത്വത്തിൽ അക്ഷജിന്റെ വീട്ടിൽ പരിശോധന നടത്തി. വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, ശബ്ദം റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച നോയ്സ് റിഡക്ഷൻ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിനും റെക്കോർഡ് ചെയ്ത വീഡിയോകളും വീഡിയോ ഫൂട്ടേജുകളും സൂക്ഷിക്കുന്നതിനും ഉപയോഗിച്ച ലാപ്പ്ടോപ്പ് എന്നിവ പിടികൂടി.
തുടർന്ന് വീട് പരിശോധിച്ചതിൽ അനധികൃതമായി വൈൻ നിർമ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റർ വാഷ് മിശ്രിതവും 5 ലിറ്റർ വൈനും പിടികൂടി. ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകിയതിനെ തുടർന്ന് പ്രമുഖ ഫുഡ് വ്‌ളോഗർ മുകേഷ് നായർക്കെതിരെ നേരത്തെ എക്‌സൈസ് കേസെടുത്തു. കൊല്ലത്തെ ബാറിലിരുന്ന് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പരസ്യം ചിത്രീകരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് കേസ്. കേസിൽ ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. ബാറിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് പരസ്യം നൽകിയത്.
സംസ്ഥാനത്തെ നിലവിലെ അബ്കാരി ചട്ട പ്രകാരം ബാറുകൾക്ക് പരസ്യം നൽകാൻ സാധിക്കില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്. മുകേഷ് നായർ പങ്കുവച്ച വീഡിയോയിൽ മദ്യത്തിന്റെ ദൃശ്യങ്ങൾ കാണിച്ചിരുന്നു. ബാർ ലൈസൻസ് വയലേഷൻ വകുപ്പുകൾ ചേർത്താണ് എക്‌സൈസ് കേസ്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫോളോവേഴ്സുള്ള വ്‌ളോഗറാണ് മുകേഷ് നായർ. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം കൂടുതലും ഫുഡ് വ്‌ളോഗ് വീഡിയോകളാണ് ചെയ്യുന്നത്.
കൊല്ലത്തെ റെസ്‌റ്റോ ബാറുമായി ബന്ധപ്പെട്ട് ചെയ്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രണ്ട് ലക്ഷത്തിൽ കൂടുതൽ പേരാണ് ഇൻസ്റ്റഗ്രാമിൽ കൂടി മാത്രം വീഡിയോ കണ്ടത്. അതേസമയം, മാസങ്ങൾക്ക് മുമ്പ് കള്ള് ഷാപ്പിലിരുന്ന് കള്ള് കുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച യുവതിക്കെതിരെ എക്‌സൈസ് കേസെടുത്തിരുന്നു. തൃശൂർ ചേർപ്പ് സ്വദേശിക്കെതിരെയാണ് എക്‌സൈസ് കേസെടുത്തത്.
മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് കേസ്. കുണ്ടാളിക്കടവ് ഷാപ്പിൽ എത്തിയ യുവതി കള്ള് കുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പ് ചേർത്താണ് എക്‌സൈസ് കേസെടുത്തത്. യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.