ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ പിണറായിയുടെ അംഗരക്ഷകരായിരുന്ന പ്രതികൾക്ക് കുരുക്ക് മുറുകുന്നു; നരഹത്യാക്കുറ്റം ചുമത്തി എസ്‌ഐടി

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ്: മൂന്ന് സുരക്ഷാ സേനാംഗങ്ങൾ മുൻകൂർ ജാമ്യം തേടി കോടതിയിൽ; ജൂൺ 2ന് കോടതി പരി​ഗണിക്കും

ആലപ്പുഴ: മുഖ്യമന്ത്രിയായിരിക്കേ പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരേ നരഹത്യാക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഏഴുവർഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ചുമത്തിയിരിക്കുന്നത്. നരഹത്യാ ശ്രമത്തിൽ പരിക്കേറ്റിട്ടില്ലെങ്കിൽ മൂന്ന് വർഷവും പരിക്കേറ്റിട്ടുണ്ടെങ്കിൽ ഏഴു വർഷവുംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

നരഹത്യാക്കുറ്റം ചുമത്തിക്കൊണ്ടുള്ള റിപ്പോർട്ട് എസ്‌ഐടി ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് നരഹത്യാക്കുറ്റം ചുമത്തിയിരിക്കുന്നത്.

കേസിൽ പിണറായി വിജയന്റെ ഗൺമാനായിരുന്ന ഇൻസ്പെക്ടർ എസ്. അനിൽകുമാർ, അകമ്പടിസേനയിലെ അംഗങ്ങളായിരുന്ന ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ എസ്. സന്ദീപ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, വിപിൻ, ഷൈജു എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തെപ്പറ്റി അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം മേധാവി ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി. ഷൗക്കത്തലിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.

കഴിഞ്ഞ ദിവസം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തിയപ്പോൾ പുതിയ വകുപ്പുകൾ ചേർത്ത റിപ്പോർട്ട് എസ്‌ഐടി സമർപ്പിച്ചിരുന്നില്ല. കേസിൽ പുതിയ വകുപ്പുകൾ ചേർത്ത റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ ഉദ്യോഗസ്ഥനെ ശകാരിച്ചിരുന്നു.

2023 ഡിസംബർ 15-നായിരുന്നു സംഭവം. നവകേരളസദസ്സിന്റെ ബസ് കടന്നുപോയപ്പോൾ, ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെ.എസ്.യു നേതാക്കളെ ലോക്കൽ പോലീസിന്റെ മുന്നിൽവെച്ചാണു മർദിച്ചത്. ബസിനു പിന്നാലെ വന്ന കാറിൽനിന്ന് ചാടിയിറങ്ങിയ സുരക്ഷാ ജീവനക്കാർ ഇവരെ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു. ആലപ്പുഴ എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവർക്കാണു മർദനമേറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News