ആലപ്പുഴ: പുന്നപ്രയിലെ നന്ദുവിന്റെ മരണത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ്. നന്ദുവിന്റെ മരണത്തെ ചൊല്ലി വിവാദം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിയപ്പോൾ ട്രെയിൻ തട്ടി മരിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നന്ദുവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
നന്ദുവിനെ മർദ്ദിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിധിൻ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, മുന്ന, ഫൈസൽ, സജീവൻ, റോബിൻ എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രതികളിൽ മുന്ന, ഫൈസൽ എന്നിവർ ചേർന്ന് നന്ദുവിനെ മർദിച്ചെന്നാണ് പൊലീസിന്റെ എഫ്ഐആറിലുള്ളത്. വീട്ടിൽ മാരകായുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തിയെന്നാണ് നിധിൻ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, സജീവൻ, റോബിൻ എന്നിവർക്കെതിരെയുള്ള കേസ്.
നന്ദുവിന്റെ സഹോദരിയുടെ പരാതിയിലാണ് നടപടി. ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കാൻ ഓടിക്കുന്നതിനിടെ നന്ദു ട്രെയിൻ തട്ടി മരിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മാനസിക വിഷമത്തെ തുടർന്ന് നന്ദു ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നന്ദു ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ പങ്കുണ്ടെന്ന കുടുംബത്തിന്റെ ആരോപണങ്ങൾ ഡിവൈഎഫ്ഐ നേത്യത്വം തള്ളി. ഡിവൈഎഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് പ്രാണരക്ഷാർത്ഥം ഓടിയ നന്ദു, ട്രെയിന് മുന്നിൽ പെട്ടു പോകുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിച്ചിരുന്നത്. എന്നാൽ ഇത് കള്ളക്കഥയാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ നന്ദുവും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ച് പ്രദേശത്ത് സംഘർഷം സൃഷ്ടിച്ചിരുന്നു. ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ സജീവൻ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. നന്ദു ഇതിന് മുൻപ് രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തിയാണെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേലും സെക്രട്ടറി ആർ.രാഹുലും പ്രസ്താവനയിൽ അറിയിച്ചു.