വയറ്റിൽ കത്രിക കുടുങ്ങിയ ഉഷയ്ക്ക് ഇന്ന് ശസ്ത്രക്രിയ; ഡോ. ലളിതാംബികയ്‌ക്കെതിരെ കേസ്

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ പുന്നപ്ര തെക്ക് നാൽപ്പതിൽച്ചിറ ഉഷാ ജോസഫുകുട്ടി(51)യുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ചികിത്സിച്ച ഡോക്ടർക്കെതിരെ കേസെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം മുൻ മേധാവി ഡോ.ലളിതാംബികയ്‌ക്കെതിരെയാണ് കേസെടുത്തത്. ജീവന് ഭീഷണിയാകുംവിധം അശ്രദ്ധയോടെ പ്രവർത്തിച്ചുവെന്നതിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 125 എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണിത്.

ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ കൂടിയായ ഡോ. ജെ. ഷാഹിദ, നഴ്സ് പി.എസ്. ധന്യ എന്നിവരെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സസ്‌പെൻഡ് ചെയ്തു. ഷാഹിദയുടെ പേരിൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ഷാഹിദയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘമാണ് 2021 മേയ് 12-ന് ശസ്ത്രക്രിയ നടത്തിയത്.സീനിയർ റെസിഡന്റും പി.ജി. ഡോക്ടറും അനസ്തീസ്യ വിഭാഗത്തിലെ മൂന്നു ഡോക്ടർമാരും മൂന്നു നഴ്സുമാരും ഒപ്പമുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കു മുൻപും ശേഷവും മുഴുവൻ ഉപകരണങ്ങളും പരിശോധിച്ച് തിട്ടപ്പെടുത്തിയതായാണ് ചികിത്സാരേഖകളിലുള്ളത്. എന്നാൽ, ഇതിൽ വീഴ്ചപറ്റിയിട്ടുണ്ടോയെന്നാണു സംശയം.

ഇതിനിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെ ലഘൂകരിച്ച് അന്വേഷണറിപ്പോർട്ട് സമർപ്പിച്ചു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ സംഭവിച്ച വീഴ്ചയാണിതെന്നാണു കണ്ടെത്തൽ. പ്രിൻസിപ്പൽ ചുമതലപ്പെടുത്തിയ നാലംഗസമിതിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കു കൈമാറി. വീഴ്ച പറ്റിയെന്ന് അധികൃതർ സമ്മതിച്ചു. ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നും കോവിഡ് കാലമായതിനാൽ ശസ്ത്രക്രിയകൾക്കു പരിമിതിയുണ്ടായിരുന്നുവെന്നുമാണ് വിശദീകരണം.

പി.പി.ഇ. കിറ്റ് ധരിച്ചായിരുന്നു ശസ്ത്രക്രിയ. ആരോഗ്യപ്രോട്ടക്കോൾ പാലിക്കേണ്ടി വന്നതിനാൽ ഏറെ പരിമിതികളുണ്ടായിരുന്നു. ഇതും വീഴ്ചയ്ക്കു കാരണമായെന്നാണു വാദം. ആർ.എം.ഒ. ഡോ. ലക്ഷ്മി അധ്യക്ഷയായ അന്വേഷണസംഘത്തിൽ ഡോ. എൻ.ആർ. സജികുമാർ, ഡോ. അനസൂയ രാജീവ്, ഡോ. രാഖി എന്നിവരാണുണ്ടായിരുന്നത്.

കൊച്ചി: കത്രിക നീക്കുന്നതിനായി ഉഷ ജോസഫുകുട്ടിയെ ശനിയാഴ്ച അമൃത ആശുപത്രിയിൽ ശസ്ത്രക്രിയയ്ക് വിധേയയാക്കും. രാവിലെ 10-ന് ശസ്ത്രക്രിയ തുടങ്ങും.

കത്രികയല്ല, രക്തക്കുഴലിൽനിന്നു രക്തം വരുമ്പോൾ പിടിക്കാനുപയോഗിക്കുന്ന മസ്‌കിറ്റോ എന്ന ഉപകരണമാണ് കണ്ടെത്തിയതെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം മുൻ അധ്യക്ഷ ഡോ. ലളിതാംബിക. അഞ്ചല്ല, 50 വർഷം അതു വയറ്റിലിരുന്നാലും ഒന്നും സംഭവിക്കില്ലെന്നും അവർ പറഞ്ഞു. സിസ്റ്റത്തിനു തകരാർ സംഭവിച്ചിട്ടുണ്ട്.

ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങളുടെ വിവരം ആദ്യം ബോർഡിൽ എഴുതണം. ശസ്ത്രക്രിയ കഴിയുമ്പോൾ അതെല്ലാം ഉണ്ടോയെന്നു പരിശോധിക്കണം. എന്നാൽ, സർക്കാർ ആശുപത്രികളിൽ അതിനു ജീവനക്കാരില്ല. ഉഷയ്ക്ക് 20 കൊല്ലം മുൻപ് ഒരു ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. അപ്പോൾ വയറ്റിൽ വെച്ചതാകാമെന്നും അവർ പറഞ്ഞു.

​The Ambalappuzha Police have registered a case against Dr. Lalithambika, former Head of the Gynecology Department at Alappuzha Medical College, for medical negligence. The action follows the discovery of surgical scissors left inside the abdomen of Usha Josephkutty (51) during a procedure five years ago. The doctor has been booked under Sections 125 and 125 A of the Bharatiya Nyaya Sanhita (BNS) for endangering life through negligence. Earlier, the Health Department had suspended another doctor and a nurse in connection with the same incident.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News