ആലപ്പുഴ: രാത്രി ഒൻപതുമണിയോടെ കനത്ത മഴയ്ക്കിടെ കൂട്ടിയിടിയുടെ ശബ്ദം കേട്ടാണ് സമീപവാസികളും അതുവഴിപോയവരുമെല്ലാം ഓടിക്കൂടിയത്. കാർ വന്ന് ഇടിച്ചതിനിടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാരി ചില്ലിലേക്ക് തെറിച്ചുവീണു. കാർ വെട്ടിപ്പൊളിച്ച് വിദ്യാർഥികളെ പുറത്തെടുക്കുമ്പോൾ കാറോടിച്ചിരുന്നയാൾക്കു മാത്രമാണ് അല്പം ബോധമുണ്ടായിരുന്നത്. ഇയാളിൽനിന്നാണ് മെഡിക്കൽ കോളേജ് വിദ്യാർഥികളാണെന്നുള്ള വിവരം ലഭിച്ചത്.
നാട്ടുകാർ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവിടെ വെളിച്ചക്കുറവുമുണ്ടായിരുന്നു ട്രാഫിക് പോലീസിന്റെ ഉൾപ്പെടെ വാഹനത്തിലാണ് പരിക്കേറ്റവരെയും മറ്റും ആശുപത്രിയിലെത്തിച്ചത്. ബസ്സിനടിയിൽ കാർ കുടുങ്ങിയ നിലയിലായിരുന്നു. ബസ് പിന്നിലേക്കു തള്ളിമാറ്റിയാണ് കാർ വേർപെടുത്തിയത്. കാർ പൂർണമായി തകർന്നു.
കനത്ത മഴയിൽ കാർ ഡ്രൈവറുടെ കാഴ്ച മങ്ങിയതാകാം അപകടകാരണമെന്ന് സംശയിക്കുന്നതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനം ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. അതിവേഗത്തിന് സാധ്യതയുള്ള പ്രദേശമല്ലിതെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കാർ ബസ്സിലേക്ക് വന്നിടിക്കുകയായിരുന്നെന്ന് ബസ് ഡ്രൈവർ പറഞ്ഞു.
കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോഴക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറിൽ കെ.ടി. ശ്രീവത്സന്റെ മകൻ ശ്രീദീപ് വത്സൻ (19), മലപ്പുറം കോട്ടയ്ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ എ.എൻ. ബിനുരാജിന്റെ മകൻ ബി. ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടിൽ പി. മുഹമ്മദ് നസീറിന്റെ മകൻ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്.
പരിക്കേറ്റവർ പുതുക്കുറിച്ചി മരിയനാട് ഷൈൻ ലാൻഡിൽ ഡെന്റ്സൺ പോസ്റ്റിന്റെ മകൻ ഷൈൻ ഡെന്റ്സൺ (19), എടത്വാ സ്വദേശി കൊച്ചുമോൻ ജോർജിന്റെ മകൻ ആൽവിൻ ജോർജ് (19), ചേർത്തല മണപ്പുറം മണപ്പുറത്ത് വീട്ടിൽ എം.കെ. ഉത്തമന്റെ മകൻ കൃഷ്ണദേവ് (19), എറണാകുളം കണ്ണൻകുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മിഭവനത്തിൽ ആർ. ഹരിദാസിന്റെ മകൻ ഗൗരീശങ്കർ (19), കൊല്ലം ചവറ പന്മന വെളുത്തേടത്ത് മക്കത്തിൽ മുഹമ്മദ് കുഞ്ഞിന്‍റെ മകൻ മുഹസ്സിൻ മുഹമ്മദ് (19), കൊല്ലം പോരുവഴി മുത്തുപിളക്കാട് കാർത്തിക വീട്ടിൽ കെ.എസ്. മനുവിന്റെ മകൻ ആനന്ദ് മനു (19). ഇതിൽ ഗൗരീശങ്കറിന്റെ നില ഗുരുതരമാണ്.
അപകടം ഇങ്ങനെ രാത്രി ഒൻപത്: പഴയ ദേശീയപാതയിൽ കളർകോട് ജങ്ഷനുസമീപം കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചർ ബസ്സിലേക്ക് കാർ ഇടിച്ചുകയറുന്നു. അപകടസമയം കനത്ത മഴ. ബസ്സിൽ കുടങ്ങികിടന്ന കാർ വെട്ടിപ്പോളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്. കാറിൽ 11 പേരെന്നാണ് വിവരം. കാറിൽ നിന്നു പുറത്തെടുക്കുമ്പോൾ രണ്ടുപേർക്ക് മാത്രമായിരുന്നു ബോധമുണ്ടായിരുന്നത്.
കനത്ത മഴയിൽ ആദ്യമാരും ശ്രദ്ധിച്ചില്ല ആലപ്പുഴ: വലിയ ഒച്ച കേട്ടെങ്കിലും ആദ്യമാരും അത്ര ശ്രദ്ധിച്ചില്ല. എന്നാൽ, പിന്നീടുകേട്ട നിലവിളിയിലാണ് എല്ലാവരും വീടുവിട്ടിറങ്ങാൻ കാരണമായതെന്ന് പരിസരവാസിയായ സജി പറഞ്ഞു. ഒാടിയെത്തുമ്പോൾ വണ്ടിക്കുള്ളിലുള്ളവരെല്ലാം ബോധംകെട്ട അവസ്ഥയിലായിരുന്നു. ഈ സമയം ഹൈവേയിലെ മുഴുവൻ വാഹനങ്ങളും നിർത്തി അതിലെ യാത്രക്കാരും ഡ്രൈവർമാരുമെല്ലാം രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. കനത്ത മഴയെപ്പോലും അവഗണിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും സജി പറഞ്ഞു.
കാർ അമിതവേഗതയിലെന്ന് കെ.എസ്.ആർ.ടി.സി. അമ്പലപ്പുഴ: എതിർദിശയിലെത്തിയ കാർ അമിതവേഗത്തിലെത്തി ബസ്സിലിടിക്കുകയായിരുന്നെന്ന് കെ.എസ്.ആർ.ടി.സി. അധികൃതരുടെ പ്രാഥമിക പരിശോധനാ റിപ്പോർട്ട്. അമിതവേഗതയിലെത്തിയ കാർ ബ്രേക്ക് ചെയ്തപ്പോൾ തെന്നി ബസിനുനേരേ വന്നു. ഇതുകണ്ട് ഡ്രൈവർ ഇടതുവശം ചേർത്ത് നിർത്തിയെങ്കിലും ബസിന്റെ മുൻവശത്ത് കാർ ഇടിച്ചുകയറുകയായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. കാറോടിച്ചിയാളുടെ ശ്രദ്ധക്കുറവുമൂലമാണ് അപകടമുണ്ടായതെന്നും റിപ്പോർട്ട് പറയുന്നു.
കണ്ണീർമഴയായി സഹപാഠികളുടെ വേദന അമ്പലപ്പുഴ: പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നവർ. കൽപ്പടികളിൽ മുഖംകുനിച്ചിരുന്നു തേങ്ങുന്നവർ. അപകടത്തിൽ മരിച്ചവരാരെന്ന ആകാംക്ഷയോടെ തടിച്ചുകൂടിയവർ. കരളലിയിക്കുന്ന കാഴ്ചകളാണ് തിങ്കളാഴ്ച രാത്രി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിനു മുന്നിൽ കണ്ടത്.
മെഡിക്കൽ പഠനത്തിന്റെ വിരസതയകറ്റാൻ കളികളും വിനോദങ്ങളുമൊക്കെയായി കൂട്ടുകാർ ഒത്തുചേരുക പതിവാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളുടെ ഒത്തുചേരൽ വൻദുരന്തമായപ്പോൾ യാഥാർഥ്യത്തെ ഉൾക്കൊള്ളാനാകാതെ പൊട്ടിക്കരയുകയായിരുന്നു മറ്റു വിദ്യാർഥികൾ. ആലപ്പുഴ പട്ടണത്തിലെ തിയേറ്ററിൽ സിനിമ കാണാനായി കൂട്ടുകാരായ 13 പേരാണ് തിങ്കളാഴ്ച രാത്രി പുറപ്പെട്ടത്. കൂട്ടുകാരിലൊരാളുടെ കാറിലായിരുന്നു 11 പേരുടെ യാത്ര. മറ്റു രണ്ടുപേർ പിന്നാലെ ബൈക്കിലും പോയി. അപകടത്തിൽ മൂന്നുപേർ മരിച്ചെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നീട് അഞ്ചായി. വിവരമറിഞ്ഞതോടെ ഹോസ്റ്റലിലും മറ്റു താമസസ്ഥലങ്ങളിലുമുണ്ടായിരുന്ന വിദ്യാർഥികൾ ആശുപത്രിയിലേക്ക് ഒഴുകിയെത്തി.
ആംബുലൻസുകളിൽ മരിച്ചവരെയും പരിക്കേറ്റവരെയും അത്യാഹിതവിഭാഗത്തിലേക്ക് എത്തിക്കുമ്പോൾ ആരൊക്കെയാണെന്നറിയാത്ത ആകാംക്ഷയിലായിരുന്നു വിദ്യാർഥികൾ. മരിച്ചവരുടെ പേരുകൾ ഓരോന്നായി പുറത്തുവരുമ്പോൾ സഹപാഠികളും കൂട്ടുകാരും അലമുറയിടുകയായിരുന്നു. നാട്ടുകാരും ജനപ്രതിനിധികളും പൊതുപ്രവർത്തകരുമൊക്കെയായി വൻജനക്കൂട്ടമാണ് അത്യാഹിതവിഭാഗത്തിനു മുന്നിലുണ്ടായത്. അത്യാഹിതവിഭാഗത്തിൽ ആൾക്കൂട്ടമൊഴിവാക്കാൻ പോലീസും സുരക്ഷാജീവനക്കാരും പണിപ്പെട്ടു.