യുവതിയുടെ ചിത്രം ഉപയോഗിച്ച്‌ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് പണം തട്ടൽ; മാവേലിക്കര സ്വദേശി അറസ്റ്റിൽ, ഭാര്യക്കെതിരെ കേസ്

ആലപ്പുഴ: യുവതിയുടെ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പണം തട്ടിയ ദമ്പതികള്‍ ആലപ്പുഴ സൈബര്‍ പോലീസിന്റെ പിടിയില്‍. മാവേലിക്കര തഴക്കര സ്വദേശി സുജിത്ത് വി.എസ് (23) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സാന്ദ്രയെ (23) കേസില്‍ രണ്ടാം പ്രതിയാക്കി ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് നോട്ടീസ് നല്‍കി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പ്രതി സുജിത്ത് ആലപ്പുഴ സ്വദേശിയായ പരാതിക്കാരിയുടെ പ്രൊഫൈല്‍ ശ്രദ്ധിക്കുന്നതും അവരുടെ ചിത്രങ്ങള്‍ കൈക്കലാക്കി വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഉണ്ടാക്കി പലരില്‍ നിന്നായി പണം തട്ടിയതും. തുടര്‍ന്ന് വളരെ ആസൂത്രിതമായ രീതിയിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

ഭാര്യയുടെ ഫോണ്‍ നമ്പറും ആലപ്പുഴ സ്വദേശിയായ യുവതിയുടെ ഫോട്ടോകളും ഉപയോഗിച്ച് ഫെയ്സ്ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് സുജിത്ത് പരാതിക്കാരിയുടെ പ്രൊഫൈല്‍ പിന്തുടര്‍ന്ന് ഫോട്ടോകള്‍ കൈക്കലാക്കിയത്. തുടര്‍ന്ന് ആര്യ സാന്ദ്ര (Arya Sandra) എന്ന പേരില്‍ ആദ്യം വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ചു. ഒക്ടോബറോടെ ‘Sandra Suresh’, ‘Sandra Suresh Abhi’ എന്നീ പേരുകളില്‍ രണ്ടു പ്രൊഫൈലുകള്‍ കൂടി ഉണ്ടാക്കി. താന്‍ വിധവയാണെന്നും കുഞ്ഞിന് അസുഖമാണെന്നും ചികിത്സയ്ക്കായി സഹായിക്കണമെന്നും പറഞ്ഞാണ് ഇവര്‍ പലരുമായി ചാറ്റ് ചെയ്തത്.

ജോയിന്റ് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പേടിഎം നമ്പറും നല്‍കി പലരില്‍ നിന്നായി അഞ്ഞൂറും ആയിരവും രൂപ വീതം ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്. പരാതിക്കാരിയുടെ യഥാര്‍ഥ പ്രൊഫൈലില്‍ കുഞ്ഞിന്റെ അസുഖവിവരങ്ങള്‍ അന്വേഷിച്ച് മെസേജുകള്‍ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് ഫെബ്രുവരി 10ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

വ്യാജ പ്രൊഫൈലുകളുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഏലിയാസ് പി ജോര്‍ജ്, എസ്‌ഐമാരായ ലിജിമോള്‍ പി റ്റി, ശരത് ചന്ദ്രന്‍ വി എസ്, സിപിഒമാരായ വിഷ്ണു ദേവാനന്ദ്, വിദ്യ ഓ കുട്ടന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി സുജിത്തിനെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രിയങ്ക എസ് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഫോണ്‍ നമ്പര്‍ ഉടമയും ബാങ്ക് അക്കൗണ്ട് ജോയിന്റ് ഹോള്‍ഡറുമായ സാന്ദ്രയ്ക്ക് ഭാരതീയ നാഗരിക സുരക്ഷാ സംഹിത വകുപ്പ് 35(3) പ്രകാരം നോട്ടീസ് നല്‍കി രണ്ടാം പ്രതിയാക്കി. കേസില്‍ അന്വേഷണം തുടരുകയാണ്. പ്രതികളുടെ വ്യാജ അക്കൗണ്ടുകള്‍ വഴി പണം നഷ്ടപ്പെട്ടവര്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

🛑 ജാഗ്രത! നിങ്ങളുടെ സോഷ്യൽ മീഡിയ ചിത്രങ്ങൾ സുരക്ഷിതമാണോ?

ആലപ്പുഴയിൽ യുവതിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് ലക്ഷങ്ങൾ തട്ടിയ ദമ്പതികൾ പിടിയിലായ വാർത്ത നമ്മൾ കണ്ടു. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

🛡️ പ്രൊഫൈൽ സുരക്ഷിതമാക്കാൻ 5 വഴികൾ:

  1. പ്രൊഫൈൽ ലോക്ക് ചെയ്യുക (Profile Lock): നിങ്ങളുടെ സുഹൃത്തുക്കൾ അല്ലാത്തവർക്ക് നിങ്ങളുടെ ചിത്രങ്ങൾ കാണാനോ ഡൗൺലോഡ് ചെയ്യാനോ കഴിയാത്ത വിധം ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്യുക.
  2. അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റുകൾ: തിരിച്ചറിയാത്ത ആളുകളിൽ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കാതിരിക്കുക. മ്യൂച്വൽ ഫ്രണ്ട്സ് ഉണ്ടെന്നു കരുതി മാത്രം ആരെയും വിശ്വസിക്കരുത്.
  3. സ്വകാര്യ വിവരങ്ങൾ പങ്കുവെക്കരുത്: ഫോൺ നമ്പർ, അഡ്രസ്സ്, ബാങ്ക് വിവരങ്ങൾ എന്നിവ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരസ്യപ്പെടുത്തരുത്.
  4. ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA): നിങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ‘Two-Factor Authentication’ എനേബിൾ ചെയ്യുക.
  5. ചിത്രങ്ങളിലെ വാട്ടർമാർക്ക്: നിങ്ങളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ചിത്രങ്ങളിൽ ചെറിയ രീതിയിൽ വാട്ടർമാർക്കോ പേരോ ചേർക്കുന്നത് ഗുണകരമാകും.

⚠️ തട്ടിപ്പിന് ഇരയായാൽ എന്തുചെയ്യണം?

നിങ്ങളുടെ പേരിൽ വ്യാജ അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ താഴെ പറയുന്നവ ചെയ്യുക:

  • ആ അക്കൗണ്ട് ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുക.
  • സ്ക്രീൻഷോട്ടുകൾ ശേഖരിക്കുക.
  • 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ വിവരം അറിയിക്കുക അല്ലെങ്കിൽ www.cybercrime.gov.in എന്ന പോർട്ടലിൽ പരാതി നൽകുക.

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News