CrimeKeralaNews

തലയില്‍ ചുറ്റിയ വയര്‍, തൊട്ടടുത്ത് സ്വിച്ച് ബോര്‍ഡ്; ആലപ്പുഴയിലെ ദമ്പതിമാര്‍ ജീവനൊടുക്കിയതിന് പിന്നില്‍…

ചേര്‍ത്തല: ആലപ്പുഴയിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് ഭാഗ്യസദനത്തില്‍ ഹരിദാസ്(78),ഭാര്യ ശ്യാമള(68) എന്നിവരാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിലത്തുവിരിച്ച പുല്‍പായയില്‍ അഭിമുഖമായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ഇരുവരുടെയും തലയില്‍ വയര്‍ ബല്‍റ്റിട്ട് ബന്ധിപ്പിച്ച നിലയിലായിരുന്നു. ഇവർ കിടന്നിരുന്നതിന്റെ തൊട്ടടുത്ത് തന്നെ സ്വിച്ച് ബോർഡും ഉണ്ടായിരുന്നു. 

റിട്ട.ബി.എസ്.എന്‍.എല്‍ ജീവനക്കാരനാണ് ഹരിദാസ്.  ബി.എസ്.എന്‍.എല്‍ നിന്ന് ടെക്‌നിക്കല്‍ അസിസ്റ്റന്റായാണ് ഹരിദാസ് വിരമിച്ചത്. ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ ഇരുവരെയും കാണാത്തതിനാല്‍ മകള്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ഷെഡില്‍ നിലത്തുവിരിച്ച പുല്‍പായയില്‍ കണ്ടെത്തിയത്. ഇവരെ തൊടാനുള്ള ശ്രമത്തില്‍ മകൾക്കും ചെറിയ രീതിയില്‍ ഷോക്കേറ്റു. ബഹളം വെച്ചതിനെ തുടര്‍ന്ന് എത്തിയവരാണ് വൈദ്യുതിബന്ധം വിഛേദിച്ചത്.

ഹരിദാസ് എഴുതിയതെന്ന് കരുതുന്ന മരണകുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹരിദാസിന് തൊണ്ടയില്‍ മുഴവളരുന്നതായും ഇതു കാന്‍സറാണെന്ന് സംശയിക്കുന്നതായും കത്തില്‍ പറഞ്ഞിട്ടൂണ്ട്. ഭാര്യ ശ്യാമളക്ക് രണ്ടുതവണ സ്‌ട്രോക്കും വന്നിരുന്നു. മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും കത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സാമ്പത്തികമായ പ്രതിസന്ധികളൊന്നും ഇരുവര്‍ക്കും ഇല്ലെന്നാണ് വിവരം.വീട്ടിലെ ഓരോ രേഖകളും സൂചിപ്പിക്കുന്ന കത്തും ഭിത്തിയില്‍പതിപ്പിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്

വൈദ്യുതി ബന്ധമില്ലാതിരുന്ന ഷെഡില്‍ കഴിഞ്ഞ ദിവസമാണ് ഹരിദാസ് പുതിയ വയര്‍വാങ്ങി ബന്ധിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും എല്ലാ ബന്ധുക്കളെയും വീടുകളിലെത്തി സന്ദര്‍ശിച്ചിരുന്നു. അര്‍ത്തുങ്കല്‍ പൊലീസും വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധനാ വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജ്ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മകള്‍:ഭാഗ്യലക്ഷ്മി(അധ്യാപിക ഗവ.യു.പി.എസ്.കാക്കനാട്).മരുമകന്‍:ബിനീഷ്(പോലീസ് എറണാകുളം സിറ്റി).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button