കൊച്ചി:പൃഥ്വിരാജിനെ പോലെ തന്നെ മകള്‍ അലംകൃതയ്ക്കും വലിയ ആരാധകരാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ മകളുടെ ഫോട്ടോസ് പങ്കുവെക്കാറില്ലെന്നത് മാത്രമല്ല മകളെ വളര്‍ത്തുന്ന കാര്യത്തില്‍ ഒത്തിരി ശ്രദ്ധിക്കുന്നവരാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. അച്ഛന്‍ ഒരു നടനാണെന്ന് മകള്‍ക്ക് അറിയാമെങ്കിലും തന്റെ സിനിമകളൊന്നും അല്ലി ഇതുവരെ കണ്ടിട്ടില്ലെന്നാണ് പൃഥ്വി പറയുന്നത്.
കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിനിടെ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. മകളെ കുറിച്ച് പറയുന്നതിനൊപ്പം അവളുടെ പ്രായത്തിലുള്ള പിള്ളേരെ പറ്റിയും നടന്‍ സംസാരിച്ചിരുന്നു.
അച്ഛന്റെ സിനിമകള്‍ കണ്ട് മകള്‍ക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട സിനിമ ഏതാണെന്നാണ് പൃഥ്വിരാജിനോട് ചോദിച്ചത്… ‘എന്റെ സിനിമകള്‍ അലംകൃത കണ്ടിട്ടില്ല. എന്റെ ഒരു സിനിമ പോലും ആലി ഇതുവരെ കണ്ടിട്ടില്ല. കാരണം ഞാന്‍ ചെയ്യുന്ന സിനിമകളിലെല്ലാം കുറച്ച് വയലന്‍സൊക്കെ ഉള്ളതു കൊണ്ട് ഇതുവരെ കാണിച്ചിട്ടില്ല. ആലി കണ്ടിട്ടുള്ളതെല്ലാം കുട്ടികളുടെ സിനിമയാണ്.
ആലി അവള്‍ക്ക് എനിക്ക് കാണാന്‍ പറ്റുന്നൊരു സിനിമയുണ്ടാക്കണം. അതായത് കുട്ടികള്‍ക്ക് വേണ്ടിയൊരു സിനിമ ചെയ്യണമെന്നാണ് അവളിപ്പോള്‍ നിരന്തരമായി പറഞ്ഞ് കൊണ്ടിരിക്കുന്നത്. കുട്ടികളുടെ സിനിമ ഇപ്പോള്‍ എന്റെ ലിസ്റ്റിലുണ്ടെന്നും’ പൃഥ്വിരാജ് പറയുന്നു.
എന്റെ സിനിമകളൊന്നും കാണാത്തത് കൊണ്ട് എന്റെ അഭിനയം എങ്ങനെയാണെന്നോ അതിനെ പറ്റി അഭിപ്രായം പറയുകയോ അവള്‍ ചെയ്തിട്ടില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒരിക്കലും നിര്‍ത്തരുതെന്നുള്ളതാണ് വലിയ കാര്യം. ഇവളുടെ അത്രയും ചോദ്യം ചോദിക്കുന്ന ആളുണ്ടാവില്ല. ആലിയുടെ പ്രായത്തിലുള്ള പിള്ളേര്‍ക്കെല്ലാം അങ്ങനൊരു സ്വഭാവം ഉണ്ടെന്ന് തോന്നുന്നു.
എന്റെ സുഹൃത്തുക്കളുടെ മക്കളെക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ആലി ചോദിക്കാറുണ്ട്. ചില സമയത്ത് ഒരഞ്ച് മിനുട്ട് മിണ്ടാതിരിക്കാന്‍ പറ്റുമോയെന്ന് ചിന്തിച്ച് പോയിട്ടുണ്ട്. ഒരു കണക്കിന് അത് നല്ലതാണ്. ചോദിച്ചാലാണല്ലോ ഉത്തരങ്ങള്‍ കിട്ടുക എന്നും പൃഥ്വിരാജ് പറയുന്നു.
ആ പ്രായത്തിലുള്ള കുട്ടികളുടെ എനര്‍ജി അസൂയാവഹമാണ്. രാവിലെ അഞ്ചരയ്ക്ക് അവള്‍ എഴുന്നേല്‍ക്കും. 6.20ന് സ്‌കൂള്‍ ബസ് വരും. വൈകുന്നേരം മൂന്ന് മണിയാവുമ്പോഴാണ് അവള്‍ തിരിച്ച് വീട്ടിലെത്തുന്നത്. വീട്ടില്‍ വന്നാല്‍ ഉടനെ തന്നെ കളിക്കാന്‍ പോവണം. പിന്നീട് എന്തെങ്കിലും ഹോം വര്‍ക്കുള്ളത് ചെയ്ത് കഴിഞ്ഞാല്‍ നമുക്ക് അത് കളിക്കാമെന്ന് പറഞ്ഞ് വരും. ഇത് ക്ഷീണിക്കുലേ എന്തൊരു എനര്‍ജിയാണ് എന്നാണ് ഞാന്‍ ചിന്തിക്കാറുള്ളത്.
ഞാനും രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നയാളാണ്. വര്‍ക്കൗട്ടൊക്കെ കഴിഞ്ഞ് ഉച്ചയാവുമ്പോഴേക്കും എനിക്ക് ക്ഷീണമായിട്ടുണ്ടാവും. അതൊക്കെ കാണുമ്പോഴാണ് കുട്ടികളോട് എനിക്ക് അസൂയ തോന്നുന്നത്. അവളുടെ ഈ എനര്‍ജിയും ചോദ്യങ്ങള്‍ ചോദിക്കുന്നതും ജീവിതത്തില്‍ എപ്പോഴും നിലനില്‍ക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും നടന്‍ പറയുന്നു.
അതേ സമയം ഇപ്പോഴത്തെ പിള്ളേര്‍ ഓരോ കാര്യങ്ങളും പഠിച്ചെടുക്കുന്നത് അത്ഭുതപ്പെടുത്തുന്ന രീതിയിലാണ്. ചില ഗാഡ്ജറ്റുകള്‍ ഒരു വര്‍ഷമൊക്കെ എടുത്തിട്ടാണ് ഞാന്‍ മനസിലാക്കിയത്. എന്നാല്‍ അവരത് ഈസിയായി കൈകാര്യം ചെയ്യും. ആലി മാത്രമല്ല അവളുടെ പ്രായത്തിലുള്ള പിള്ളേരെല്ലാം അങ്ങനെയാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.