പൃഥ്വിരാജ്- സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് ഹിന്ദി പതിപ്പ് ‘സെല്‍ഫി’യ്ക്ക് തണുത്ത പ്രതികരണം. അക്ഷയ് കുമാറും ഇമ്രാന് ഹാഷ്മിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെള്ളിയാഴ്ചയാണ് ചിത്രം റീലീസ് ചെയ്തത്.
ആദ്യ ദിനത്തില്‍ വെറും 2.55 കോടി മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് ട്രെയ്ഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു. കോവിഡിന് ശേഷം തിയേറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ കടുത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. സമീപകാലത്ത് ഇറങ്ങിയ ‘ബച്ചന് പാണ്ഡെ’, ‘സാമ്രാട്ട് പൃഥ്വിരാജ്’, ‘രാമസേതു’, ‘രക്ഷാബന്ധന്’ എന്നീ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു.
സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയറാണ് ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനം ചെയ്തത്. 2019ല്‍ റിലീസായ െ്രെഡവിങ് ലൈസന്‍സ് മികച്ച വിജയം നേടിയിരുന്നു. തുടര്‍ന്നാണ് ഹിന്ദിയിലേക്ക് ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശം കരണ്‍ ജോഹര്‍ സ്വന്തമാക്കുന്നത്.
പൃഥ്വിരാജ് ചെയ്ത സൂപ്പര്‍ സ്റ്റാറിന്റെ കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിക്കുന്നത്. സുരാജ് അവതരിപ്പിച്ച വെഹിക്കിള്‍ ഇന്‍സ്പെക്ടറായി ഇമ്രാന് ഹാഷ്മിയും വേഷമിടുന്നു. രാജ് മേത്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ധര്‍മ പ്രൊഡക്ഷന്‍സ്, കേപ്പ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. റിഷഭ് ശര്‍മയാണ് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്.