നടൻ അക്ഷയ്കുമാറിന്റെ കാർ ജമ്മു പോലീസ് പിടിച്ചെടുത്തു; നടപടി ഇക്കാരണത്താല്‍

ശ്രീനഗര്‍: ചില്ലിൽ അനുവദനീയമായ പരിധിക്ക് മുകളിൽ കൂളിങ് പതിപ്പിച്ചതിന് നടൻ അക്ഷയ്കുമാർ സഞ്ചരിച്ച കാർ ജമ്മുവിലെ ട്രാഫിക് പോലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച ജമ്മുവിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരം. ചടങ്ങിലേക്ക് എത്താൻ അദ്ദേഹം ഉപയോ​ഗിച്ച വാഹനത്തിന്റെ ഗ്ലാസുകളിൽ മോട്ടോർ വാഹന നിയമപ്രകാരം അനുവദനീയമായതിലും കടുപ്പമുള്ള കറുത്ത ഫിലിം ഒട്ടിച്ചതായാണ് കണ്ടെത്തിയത്.

പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കാർ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ‘നിയമം എല്ലാവർക്കും ഒരുപോലെയാണ്. ഞങ്ങളുടെ പതിവ് പരിശോധനയ്ക്കിടെ, അനുവദനീയമായ പരിധിക്ക് മുകളിൽ കൂളിങ് ഒട്ടിച്ച ഗ്ലാസുകളുമായി കാർ കണ്ടെത്തുകയായിരുന്നു. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഉചിതമായ നടപടികൾ സ്വീകരിക്കും’, ജമ്മു സിറ്റി ട്രാഫിക് എസ്എസ്പി ഫാറൂഖ് കൈസർ പറഞ്ഞു.

ഉടമയുടെ പദവി പരിഗണിക്കാതെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ചു. അക്ഷയ് കുമാറിന്റെ നിശ്ചയിച്ച പരിപാടിക്ക് യാതൊരു തടസ്സവുമുണ്ടായില്ലെന്നും നടന് ബദൽ യാത്രാ സൗകര്യം ഒരുക്കിയെന്നും സംഘാടകർ അറിയിച്ചു.

അർഷാദ് വർഷി, സൗരഭ് ശുക്ല എന്നിവർക്കൊപ്പം ‘ജോളി എൽഎൽബി 3’ എന്ന ചിത്രത്തിലാണ് അക്ഷയ് ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസർ ചൊവ്വാഴ്ച നിർമാതാക്കൾ പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഇതിന് ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News