പുരസ്‌കാര നിറവില്‍ ‘റാം കെയര്‍ ഓഫ് ആനന്ദി’ അഖില്‍ പി ധര്‍മ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

പുരസ്‌കാര നിറവില്‍ 'റാം കെയര്‍ ഓഫ് ആനന്ദി'; അഖില്‍ പി ധര്‍മ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ അഖില്‍ പി.ധര്‍മജന്‍ പുരസ്‌കാരം നേടി. 'റാം കെയര്‍ ഓഫ് ആനന്ദി' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. 23 ഭാഷകളിലുള്ള യുവ എഴുത്തുകാര്‍ക്കാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവുമാണ് ജേതാക്കള്‍ക്ക് ലഭിക്കുക.

ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന പുസ്തകവും നേടി. മലയാള വിഭാഗത്തിലാണ് പുരസ്‌കാരങ്ങള്‍. പുരസ്‌കാര വിതരണ തീയതി പിന്നീട് അറിയിക്കും.

സോഷ്യല്‍ മീഡിയയിലും കൗമാരക്കാര്‍ക്കിടയിലും തരംഗമായ പുസ്തകമാണ് റാം കെയര്‍ ഓഫ് ആനന്ദി. റാമിന്റെയും ആനന്ദിയുടെയും പ്രണയം ഇരുകയ്യും നീട്ടിയാണ് പുതുതലമുറ സ്വീകരിച്ചത്. അവരുടെ തമാശകളും പ്രണയനിമിഷങ്ങളും വിരഹവും എല്ലാമാണ് നോവലിന്റെ ഇതിവൃത്തം.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് അഖില്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല. അറിഞ്ഞപ്പോള്‍ മുതല്‍ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണ്. ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യര്‍ക്കും എന്റെ ഉമ്മകള്‍' അഖില്‍ കുറിച്ചു.

തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ അദ്ധ്യാപകനാണ് നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമായ ശ്രീജിത്ത് മൂത്തേടത്ത്. പാലറ്റ്, നയന്‍മൊനി, നിണവഴിയിലെ നിഴലുകള്‍, ആഫ്രിക്കന്‍ തുമ്പികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നോവല്‍, കഥ, ബാലസാഹിത്യം, വൈജ്ഞാനികസാഹിത്യം എന്നീ മേഖലകളിലായി പതിനഞ്ചോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News