തിരുവനന്തപുരം∙ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്സനൽ അസിസ്റ്റന്റ് അഖില്‍ മാത്യുവിനു തിരുവനന്തപുരത്ത് വച്ച് ഒരു ലക്ഷം രൂപ കോഴ നല്‍കിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്റെ വാദങ്ങള്‍ തള്ളി ദൃശ്യങ്ങള്‍.
ഏപ്രില്‍ പത്തിന് ഉച്ചകഴിഞ്ഞ് 2.30ന് സെക്രട്ടേറിയറ്റിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ വച്ച് പണം കൈമാറിയെന്നാണു ഹരിദാസന്‍ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ അന്നേ ദിവസം അഖില്‍ മാത്യു പത്തനംതിട്ട കുമ്പഴയിൽ നടന്ന ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉച്ചകഴിഞ്ഞ് 3ന് തുടങ്ങിയ വിവാഹച്ചടങ്ങിലും വൈകിട്ട് 5ന് നടന്ന വിവാഹ സത്കാരത്തിലും അഖിൽ പങ്കെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
തിരുവനന്തപുരത്തുനിന്ന് നൂറു കിലോമീറ്ററിലധികം ദൂരമുള്ള പത്തനംതിട്ടയിലേക്ക് അരമണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ സാധിക്കില്ലെന്നും ദൃശ്യങ്ങൾ പൊലീസിനു കൈമാറുമെന്നും അഖിൽ അറിയിച്ചു.
എന്നാൽ കണ്ടത് അഖില്‍ മാത്യുവിനെത്തന്നെയെന്നതില്‍ ഉറച്ചുനിൽക്കുകയാണ് പരാതിക്കാരനായ ഹരിദാസന്‍. മന്ത്രിയുടെ പിഎയെ കണ്ടത് നാലുമണിക്കുശേഷമാണ്. അഖിലിനെ കണ്ട സമയം കൃത്യമായി ഓര്‍മയില്ല. പണംകൊടുത്ത ശേഷം കൊച്ചുവേളിയിലേക്കാണ് പോയതെന്നും ഹരിദാസ് പറഞ്ഞു.