മുംബൈ: രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി മഹാരാഷ്ട്രയിൽ വീണ്ടും വിമതനീക്കം. ബിജെപിക്കൊപ്പം പോകാന്‍ പ്രതിപക്ഷ നേതാവ് അജിത് പവാര്‍ എന്‍സിപി എംഎല്‍എമാരുമായി ചര്‍ച്ച തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 52 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന. പുറത്തു വരുന്ന വാര്‍ത്തകളില്‍ ശരദ് പവാര്‍ മൗനം തുടരുന്നതാണ് അഭ്യൂഹങ്ങള്‍ ബലപ്പെടുത്തുന്നത്.
ശരദ് പവാറിന്റെ അനന്തരവനെന്ന നിലയില്‍ അജിതും കുടുംബവും വേട്ടയാടപ്പെടുകയാണെന്നും ഇതാണ് ബിജെപിയിലേക്ക് ചേക്കേറാന്‍ വഴിയൊരുക്കുന്നതെന്നുമാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. അതേസമയം, ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ അജിത് പവാര്‍ നേരത്തെ നിഷേധിച്ചിരുന്നു.
മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ വിള്ളൽ വീഴ്ത്തി എൻസിപി നേതാവ് അജിത് പവാർ നടത്തുന്ന പ്രസ്താവനകൾക്കു പിന്നാലെ വിമത നീക്കവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായിരുന്നു. തുടർച്ചയായി മോദി സ്തുതികൾ നടത്തുന്ന അജിത്, ബിജെപിയോട് അടുക്കുന്നതായാണ് കോൺഗ്രസും ശിവസേന (ഉദ്ധവ്)യും സംശയിക്കുന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുമായി കഴിഞ്ഞ ദിവസം ഒരു മണിക്കൂറോളം ചർച്ച നടത്തിയതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അഴിമതിക്കേസുകൾ നേരിടുന്ന പാർട്ടിയായതിനാൽ ബിജെപിക്കൊപ്പം ചേർന്നു കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് നീക്കം എന്നും വ്യാഖ്യാനമുണ്ട്. ഇതിനിടെ, സംസ്ഥാന സഹകരണ ബാങ്കിലെ 25,000 കോടിയുടെ തട്ടിപ്പുകേസിലെ കുറ്റപത്രത്തിൽ നിന്ന് അജിത്തിനെയും ഭാര്യയെയും ഇഡി ഒഴിവാക്കുകയും ചെയ്തിരുന്നു.
വീർ സവർക്കർ വിവാദം, അദാനിക്കെതിരായ ജെപിസി അന്വേഷണം, മോദിയുടെ വിദ്യാഭ്യാസ യോഗ്യത എന്നീ വിഷയങ്ങളിലെല്ലാം ബിജെപിക്ക് അനുകൂലമാണ് അജിത്തിന്റെ നിലപാട്. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലം ബിജെപിക്ക് അനുകൂലമാണെന്ന സൂചന ലഭിച്ചയുടൻ പിന്തുണ പ്രഖ്യാപിച്ച പാർട്ടിയാണ് എൻസിപി. 2019 ൽ പുലർച്ചെ രാജ്ഭവനിലെത്തി ഫഡ്നാവിസ് മുഖ്യമന്ത്രിയും അജിത് പവാർ ഉപമുഖ്യമന്ത്രിയുമായി രഹസ്യമായി സത്യപ്രതിജ്ഞ ചെയ്യുകയുമുണ്ടായി.