ചെന്നൈ:ലോകസുന്ദരി എന്ന് കേട്ടാൽ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുന്ന മുഖം ഐശ്വര്യ റായ്‍യുടെതാണ്. 1997 ൽ പുറത്തിറങ്ങിയ മണിരത്‌നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ സിനിമാ അരങ്ങേറ്റം നടത്തുന്നത്. അതിനുശേഷമാണ് ഐശ്വര്യ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്.
തമിഴിൽ ഇരുവറിന് ശേഷം ശങ്കറിന്റെ ജീൻസ്, രാജീവ് മേനോന്റെ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, മണിരത്‌നത്തിന്റെ ഗുരു തുടങ്ങിയ സിനിമകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു. ബോളിവുഡിൽ സജീവമായതോടെ തമിഴ് വിട്ട ഐശ്വര്യ, പിന്നീട് 2010 ൽ രാവണൻ, എന്തിരൻ തുടങ്ങിയ സിനിമകളിലൂടെയാണ് തിരിച്ചെത്തിയത്. ഏറ്റവും ഒടുവിലായി പൊന്നിയിൻ സെൽവനിലും അഭിനയിച്ചു. മികച്ച സ്വീകാര്യതയാണ് ഐശ്വര്യയുടെ നന്ദിനി എന്ന കഥാപാത്രത്തിന് ലഭിച്ചത്.
ഏകദേശം 12 വർഷത്തിന് ശേഷമുള്ള ഐശ്വര്യയുടെ മടങ്ങി വരവ് തമിഴ് പ്രേക്ഷകർ ആഘോഷമാക്കി. ഇതിനു പിന്നാലെ ഐശ്വര്യയുമായി ബന്ധപ്പെട്ട പഴയ ചില സംഭവങ്ങളും തമിഴ് സിനിമ ലോകത്ത് ചർച്ചയാവുകയാണ്. തന്നോട് അപമര്യാദയായി പെരുമാറിയ തമിഴിലെ ഒരു പ്രമുഖ നടനെ ഐശ്വര്യ തല്ലിയ സംഭവം ചർച്ചയായിരുന്നു.
സിനിമയുടെ ഷൂട്ടിങ്ങിനിടെ നടന്ന ഒരു പാർട്ടിയിൽ വച്ച് നടൻ മോശമായി സ്പർശിച്ചപ്പോൾ ഐശ്വര്യ നടന്റെ കരണത്തടിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഈ നടൻ ആരാണെന്ന കാര്യത്തിൽ പ്രേക്ഷകർക്കിടയിൽ ചില സംശയങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.
ഇരുവറിന് ശേഷം ജീൻസ്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ തുടങ്ങിയ ചിത്രങ്ങളിലാണ് ഐശ്വര്യ അഭിനയിച്ചത്. ജീൻസിൽ പ്രശാന്തും കണ്ടുകൊണ്ടേനിൽ അബ്ബാസുമാണ് ഐശ്വര്യയുടെ നായകന്മാരായി എത്തിയത്. ഇതിൽ അബ്ബാസാണോ ഐശ്വര്യയോട് മോശമായി പെരുമാറിയത് എന്ന സംശയം ഉയർന്നിരുന്നു. അതേസമയം അബ്ബാസ് ആണ് ആ നടനെന്ന് പറയുന്ന ചില റിപ്പോർട്ടുകളും പുറത്തുവന്നു.
സിനിമയിലെ ഒരു ഗാനരംഗത്തിനിടെ അബ്ബാസ് ഐശ്വര്യയോട് അപമര്യാദയായി പെരുമാറി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ അബ്ബാസ് ഐശ്വര്യയെ അനാവശ്യമായി സ്പർശിക്കുകയും മറ്റും ചെയ്തു.
ഐശ്വര്യ ആദ്യം അതെല്ലാം ക്ഷമിച്ചെങ്കിലും ചില സമയങ്ങളിൽ അബ്ബാസ് ക്ഷമ നശിപ്പിക്കും വിധം പെരുമാറി. അതോടെ ക്ഷുഭിതയായ ഐശ്വര്യ അബ്ബാസിന്റെ കരണത്തടിച്ചു.
ഐശ്വര്യയുടെ അപ്രതീക്ഷിതമായ അടിയിൽ അബ്ബാസ് എല്ലാവർക്കും മുന്നിൽ അപമാനിതനായി. അതോടെ നടൻ ദേഷ്യത്തോടെ കാരവാനിൽ കയറി ഇരുന്നു.
പിന്നീട് സംവിധായകൻ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും അദ്ദേഹം ഇടപെട്ട് അബ്ബാസിനെ കൊണ്ട് ഐശ്വര്യയോട് മാപ്പ് പറയിക്കുകയുമായിരുന്നു. അതിനു ശേഷമാണ് സിനിമയുടെ ബാക്കി ഭാഗങ്ങൾ ഷൂട്ട് ചെയ്തത് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ ഈ റിപ്പോർട്ട് എത്രമാത്രം വാസ്തവമാണെന്ന കാര്യത്തിൽ വ്യക്തമല്ല. ഐശ്വര്യയും ഇങ്ങനൊരു സംഭവത്തെ കുറിച്ച് മുൻപ് സംസാരിച്ചിട്ടില്ല. കണ്ടുകൊണ്ടേനിൽ ഐശ്വര്യയ്ക്ക് അബ്ബാസുമായി ചില റൊമാന്റിക് രംഗങ്ങൾ ഉണ്ടായിരുന്നു എന്നതാണ് അബ്ബാസിന്റെ പേര് ചർച്ചയാകാൻ കാരണം. മമ്മൂട്ടി, അജിത്, തബു അടക്കം വമ്പൻ താരനിര അണിനിരന്ന സിനിമയായിരുന്നു കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ.