കൊച്ചി:സിനിമയിലെ ബിസിനസ് മേഖലയിൽ സ്ത്രീകളെ പ്രാപ്തരാക്കുന്നതിന് സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് നടി ഐശ്വര്യ ലക്ഷ്മി (Aishwarya Lekshmi). നെടുമ്പാശേരിയിൽ നടന്ന നവകേരള സ്ത്രീ സദസ് (navakerala sthree sadas) മുഖാമുഖം സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ ലക്ഷ്മി. നടിയുടെ ആവശ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan) മറുപടിയും പറഞ്ഞു.
സിനിമയുടെ സാങ്കേതികം, നിർമ്മാണം തുടങ്ങിയ മേഖല യുവതലമുറയെ പരിചയപ്പെടുത്തുന്നതിന് ഇതിനെ കുറിച്ചുള്ള പാഠ്യപദ്ധതികൾ രൂപീകരിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ഇത് യുവതികൾക്ക് നൂതനമായ അവസരങ്ങൾ കൊണ്ട് വരും എന്നാണ് ഐശ്വര്യ പറഞ്ഞത്. സിനിമയുടെ നിർമ്മാണം, സാങ്കേതികം പോലുള്ള മേഖലയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകളെ ഈ മേഖലയിൽ പ്രാപ്തരാക്കുന്നതിന് പഠന സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, സമൂഹത്തിലെ വിവിധ മേഖലകളിലെ സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് നവകേരള സ്ത്രീ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.
സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുമായി സംവദിക്കുന്ന മുഖാമുഖം: നവകേരള സ്ത്രീ സദസ്സ് ഇന്നു രാവിലെയാണ് തുടക്കമായത്. സമൂഹത്തിലെ വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.