കൊച്ചി:മുമ്പ് അപ്പുവായിരുന്നെങ്കിൽ ഇപ്പോൾ പൂങ്കുഴലി എന്നാണ് മലയാളികളടക്കം എല്ലാവരും ഐശ്വര്യ ലക്ഷ്മിയെ വിളിക്കാൻ ആഗ്രഹിക്കുന്നത്. നായകനൊപ്പം വന്ന് റൊമാൻസ് ചെയ്യുന്ന നായികയായി മാറാതെ നായകനില്ലാതെ സിനിമയുടെ നെടും തൂണായി നിന്ന് സിനിമ വിജയിപ്പിക്കാനും കഴിയുന്ന നായികയായി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.
വളരെ ചുരുക്കം ചില നടിമാർക്ക് മാത്രം സാധിക്കുന്ന ഒന്നാണത്. ഐശ്വര്യ ലക്ഷ്മിയുടെ സിനിമയാണെന്ന് പറഞ്ഞാൽ തന്നെ ആളുകൾ തിയേറ്ററുകളിലേക്ക് എത്തും.
ആഷിക് അബുവിന്റെ മായാനദിയിലെ അപ്പുവെന്ന കഥാപാത്രമാണ് ഐശ്വര്യയ്ക്ക് മലയാള സിനിമയിലും കരിയറിലും വലിയൊരു ബ്രേക്ക് നൽകിയത്. ഇന്ന് ഐശ്വര്യ മലയാളവും കടന്ന് തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്യുകയും നിർമിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്.
മുപ്പത്തിരണ്ടുകാരിയായ ഐശ്വര്യ ലക്ഷ്മി 2017ലാണ് അഭിനയം ആരംഭിച്ചത്. അതിന് മുമ്പ് മോഡലിങിലും പരസ്യ ചിത്രങ്ങളിലുമായിരുന്നു ഐശ്വര്യ സജീവമായിരുന്നത്.
ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വരെ പരസ്യത്തിൽ താൻ അഭിനയിച്ചിട്ടുണ്ടെന്നാണ് ഐശ്വര്യ തന്നെ പറയാറുള്ളത്. ഒട്ടനവധി ആരാധകരുള്ള താരം ഏറ്റവും അവസാനം അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ മണിരത്നത്തിന്റെ പൊന്നിയൻ സെൽവനും കുമാരിയുമാണ്.
രണ്ട് സിനിമയ്ക്കും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചിരുന്നു. പൊന്നിയൻ സെൽവനിലൂടെ ആദ്യമായാണ് ഐശ്വര്യ മണിരത്നം സിനിമയുടെ ഭാഗമായത്. എല്ലാ നടിമാരും ആഗ്രഹിക്കുന്ന ഒന്നാണ് മണിരത്നം സിനിമകളിൽ വേഷം അഭിനയിക്കുക എന്നത്.
സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയകളിലും അഭിമുഖങ്ങളിലുമെല്ലാം ഐശ്വര്യ ലക്ഷ്മി സജീവമാണ്. ഡോക്ടർ കൂടിയായ ഐശ്വര്യ പക്ഷെ ഇന്നേവരെ വിവാഹത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ എവിടേയും ഒന്നും സംസാരിച്ചിട്ടില്ല.
വിവാഹത്തിനുള്ള സമ്മർദ്ദം വീട്ടിൽ നിന്നും വലിയ രീതിയിൽ ഉണ്ടാകാറുണ്ടെന്നും പക്ഷെ ഇന്നേവരെ വിവാഹം വേണമെന്ന് തോന്നിയിട്ടില്ലെന്നും അമ്മ ആലോചനകളെ കുറിച്ച് സംസാരിക്കാൻ വരുമ്പോൾ തന്നെ ഒഴിഞ്ഞ് മാറി പോവുകയാണ് താൻ ചെയ്യാറുള്ളതെന്നും ഐശ്വര്യ ലക്ഷ്മി പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിത ഐശ്വര്യ ലക്ഷ്മിക്ക് പ്രണയമുള്ളതായി താൻ സംശയിക്കുന്നുവെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് തമിഴ് താരം വിഷ്ണു വിശാൽ. അങ്ങനൊരു സംശയം തനിക്ക് തോന്നാനുള്ള കാരണത്തെ കുറിച്ചും വിഷ്ണു വിശാൽ വെളിപ്പെടുത്തി.
ഇരുവരും ഒരുമിച്ച് ഗാട്ട ഗുസ്തിയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവവും വിഷ്ണു വിശാൽ പങ്കുവെച്ചു. ‘ഐശ്വര്യ ലക്ഷ്മി ഷോട്ട് കഴിഞ്ഞാലുടൻ ആദ്യം ഓടുന്നത് ഫോൺ നോക്കാനാണ്. പ്രണയമില്ലാത്ത അല്ലെങ്കിൽ ആരിൽ നിന്നോ എന്തോ പ്രതീക്ഷിച്ച് നിൽക്കുന്നവർ മാത്രമാണ് അത്തരത്തിൽ ഷോട്ട് കഴിഞ്ഞാലുടൻ ഫോൺ നോക്കാൻ പോവുകയുള്ളു.’
‘എനിക്ക് ഭാര്യയുള്ളത് കൊണ്ട് ഞാൻ അത്തരത്തിൽ ഭാര്യയോട് സംസാരിക്കാനായി ഫോൺ അധികമായി ഉപയോഗിക്കാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ഐശ്വര്യ ലക്ഷ്മി റിലേഷൻഷിപ്പിലാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഐശ്വര്യയെ നിരീക്ഷിച്ചപ്പോൾ എനിക്ക് മനസിലായതും അതാണ്.’
‘നിങ്ങൾക്കിത് ഗോസിപ്പായും എടുക്കാം’ ഗാട്ട ഗുസ്തിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബിഹൈൻവുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വിഷ്ണു വിശാൽ വെളിപ്പെടുത്തിയത്.
വിഷ്ണു വിശാൽ പറയുന്നത് കേട്ട് ചിരിതൂകി ഇരിക്കുക മാത്രമാണ് ഐശ്വര്യ ചെയ്തത്. ഗാട്ട ഗുസ്തി ബൈ ലിഗ്വൽ സിനിമയാണ്. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ചെല്ല അയ്യാവുവാണ്.
ആര്‍ടി ടീം വര്‍ക്‌സ്, വിവി സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവ്വഹിച്ചിരിക്കുന്നത്.