KeralaNationalNewsNews

ബെം​ഗളൂരുവിൽ എയർഹോസ്റ്റസ് ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണുമരിച്ചു; മലയാളി യുവാവ് കസ്റ്റഡിയില്‍

ബെം​ഗളൂരു: ബെം​ഗളൂരുവിൽ എയർഹോസ്റ്റസിനെ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. 28കാരിയായ അർച്ചനാ ധിമാനെയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് ഇവർ വീണതെന്നാണ് സൂചന. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിലെ ഇടനാഴിയിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്ന് പുരുഷ സുഹൃത്ത് ആദേശ് (26) പൊലീസിനോട് പറഞ്ഞു.

ആദേശിനെ കാണാനായി ഇവർ ദുബൈയിൽ നിന്നെത്തിയതാണെന്ന് പൊലീസ് പറഞ്ഞു. കാസർകോട് സ്വദേശിയാണ് ആദേശെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. അർച്ചന വീഴുന്ന സമയം താൻ ഫ്ലാറ്റിൽ ഉണ്ടായിരുന്നതായി യുവാവ് പറഞ്ഞു. അർച്ചന ഇടനാഴിയിലൂടെ പുറത്തേക്ക് നടക്കുമ്പോൾ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. ആദേശ് കെട്ടിടത്തിൽ നിന്ന് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് താഴെ വീണ വിവരം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അർച്ചനയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.  അർച്ചന അബദ്ധത്തിൽ വീണതാണോ താഴേക്ക് ചാടിയതാണോ അതോ തള്ളിയിട്ടതാണോ എന്നത് പൊലീസ് അന്വേഷിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഇരുവരും ബന്ധം പുലർത്തിയിരുന്നതായി വ്യക്തമായെന്നും പൊലീസ് പറഞ്ഞു. യുവാവിനെ ചോദ്യം ചെയ്യൽ തുടരുകയാണ്. അർച്ചനയുടെ മാതാപിതാക്കൾ എത്തി പരാതി നൽകിയ ശേഷമായിരിക്കു കൂടുതൽ നടപടികൾ സ്വീകരിക്കുക.

ഹിമാചൽ പ്രദേശ് സ്വദേശിയായ അർച്ചന, ദുബായ് ആസ്ഥാനമായുള്ള എയർലൈനിലെ ജീവനക്കാരിയാണ്. ഡേറ്റിംഗ് ആപ്പ് വഴിയാണ് ആദേശിനെ പരിചയപ്പെട്ടത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. അർച്ചന ഇടയ്ക്കിടെ ബെംഗളൂരു സന്ദർശിക്കുകയും ആദേശിനൊപ്പം താമസിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച ബംഗളൂരുവിൽ എത്തിയ അർച്ചന ആദേശിനൊപ്പമാണ് താമസിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ഓർഡർ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ആദേശ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button