‘അൽപ്പം മര്യാദ കാണിക്കൂ’ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാർക്കെതിരെ എയർ ഇന്ത്യയിലെ എയർ ഹോസ്റ്റസ്

'അൽപ്പം മര്യാദ കാണിക്കൂ'; മാലിന്യം വലിച്ചെറിയുന്ന യാത്രക്കാർക്കെതിരെ എയർ ഇന്ത്യയിലെ എയർ ഹോസ്റ്റസ്

മുംബൈ: വിമാനയാത്രയ്ക്കിടെ വിമാനത്തിനകത്ത് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ യാത്രക്കാർക്കെതിരെ എയർ ഇന്ത്യയിലെ എയർ ഹോസ്റ്റസ്. വംശികാ കടാരിയ എന്ന എയർ ഇന്ത്യ ഫ്‌ളൈറ്റ് അറ്റന്റന്റാണ് ഇൻസ്റ്റഗ്രാമിലൂടെ വിമർശനം ഉന്നയിച്ചത്. വിമാനത്തിൽ ചിതറിക്കിടക്കുന്ന മാലിന്യങ്ങളുടെ ദൃശ്യങ്ങളും അവർ പങ്കുവെച്ചു. അടിസ്ഥാന മര്യാദകൾ മറക്കരുത് എന്ന് വംശിക ഓർമിപ്പിച്ചു.

‘പ്രിയപ്പെട്ട യാത്രക്കാരേ, നിങ്ങൾക്ക് ഒരു വിമാന ടിക്കറ്റ് എടുക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്ക് അൽപ്പം അടിസ്ഥാന മര്യാദകളും കാണിക്കാൻ കഴിയും.’ -ഇതാണ് വംശിക വീഡിയോയിൽ എഴുതിയത്. ‘ബ്രേക്കിങ് ന്യൂസ്: വിമാനം ലാൻഡ് ചെയ്തു, പക്ഷേ അടിസ്ഥാന മര്യാദകൾ കയറിയില്ല’ എന്നാണ് വംശിക വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയത്.

കാബിൻ ക്രൂ എന്ന നിലയിൽ താൻ ആരേയും അപമാനിക്കാൻ വേണ്ടിയല്ല ഈ പോസ്റ്റിട്ടതെന്ന് വംശിക കമന്റിൽ പറഞ്ഞു. എല്ലാ യാത്രക്കാരോടും ചെറിയൊരു അഭ്യർഥനയുണ്ട്. റാപ്പറുകളും കപ്പുകളും മറ്റ് മാലിന്യങ്ങളും ഒന്നിച്ച് വെച്ചശേഷം മാലിന്യങ്ങൾ എടുക്കാൻ ജീവനക്കാർ വരുമ്പോൾ അവർക്ക് കൊടുക്കുക. നമ്മളെല്ലാവരും പാലിക്കേണ്ടതും കുട്ടികളെ പഠിപ്പിക്കേണ്ടതുമായ ലളിതമായ മര്യാദയാണ് ഇതെന്നും വംശിക പറഞ്ഞു.

‘അടുത്ത യാത്രയ്ക്ക് മുമ്പ് വിമാനത്തിനകം വൃത്തിയാക്കാൻ ഞങ്ങളുടെ ക്ലീനിങ് സ്റ്റാഫിന് വളരെ കുറച്ച് സമയം മാത്രമേ ലഭിക്കൂ. അവർ അതികഠിനമായി അധ്വാനിക്കുന്നവരാണ്. നമ്മുടെയെല്ലാവരുടേയും ഭാഗത്തുനിന്നുള്ള ചെറിയൊരു ശ്രമം അവരുടെ ജോലി വളരെ എളുപ്പമാക്കും. പിന്നണിയിൽ പ്രവർത്തിക്കുന്നവരെ നമുക്ക് ബഹുമാനിക്കാം. നമ്മുടെ എല്ലാവരുടേയും ഇടം നമുക്ക് വൃത്തിയായും മനോഹരമായും സൂക്ഷിക്കാം.’ -വംശിക കമന്റിൽ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News