ദുബായ്: പ്രവാസി മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ വിമാനക്കമ്പനി യാഥാര്‍ത്ഥ്യമാകുന്നു. കേരളം ആസ്ഥാനമായുള്ള എയര്‍ കേരള എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നല്‍കി. ഒരുകൂട്ടം പ്രവാസി സംരംഭകരാണ് വിമാനക്കമ്പനിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ദുബായ് ആസ്ഥാനമായ സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ എന്ന കമ്പനിയാണ് ഈ പുതിയ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. 2025ല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ആദ്യ ഘട്ടത്തില്‍ മൂന്ന് വിമാനങ്ങളുമായി ഡൊമസ്റ്റിക് സര്‍വീസ് ആയിരിക്കും ആരംഭിക്കുക.
കമ്പനിയുടെ കൈവശം 20 വിമാനങ്ങള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തുമ്പോള്‍ ഗള്‍ഫ് മേഖലയിലേക്ക് ഉള്‍പ്പെടെ സര്‍വീസ് ആരംഭിക്കാനാണ് നീക്കം. കഴിഞ്ഞ വര്‍ഷം എയര്‍ കേരള വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തിരുന്നു. തുടക്കത്തില്‍ ടയര്‍2, ടയര്‍3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സര്‍വീസ്. ഇതിനായി 3 എ.ടി.ആര്‍ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. സ്ഥാപനത്തിലേക്ക് കേരളത്തില്‍ നിന്നുള്ള വ്യോമയാന മേഖലയില്‍ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയര്‍ത്തി വിദേശ രാജ്യങ്ങളിലേയ്ക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനാണ് പദ്ധതി.
കമ്പനി സിഇഒ ഉള്‍പ്പെടെ പ്രധാന തസ്തികയിലേക്ക് ഉള്ളവരെ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉചിതമായ സമയത്ത് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. മലയാളി സമൂഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന വിമാനകമ്പനി എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകള്‍ ഇതിനുണ്ട്. എയര്‍കേരള എന്ന പേരിലാകും കമ്പനി സര്‍വീസുകള്‍ നടത്തുക.