കൊച്ചി:രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ക്ക് എണ്ണകമ്പനികള്‍ ഇന്ധനം നല്‍കുന്നത് നിര്‍ത്തി. എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്കാണ് എണ്ണ കമ്പനികള്‍ ഇന്ധനം നല്‍കാത്തത്. കുടിശ്ശിക തീര്‍ക്കാത്തതിനെ തുടര്‍ന്നാണ് ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് എണ്ണക്കമ്പനികള്‍ നിര്‍ത്തിവെച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് എണ്ണക്കമ്പനികള്‍ കടുത്ത നിലപാട് സ്വീകരിച്ചത്.
കൊച്ചി, വിശാഖപട്ടണം, മോഹാലി, റാഞ്ചി, പുണെ, പട്‌ന എന്നീ വിമാനത്താവളങ്ങളിലാണ് ഇന്ധനവിതരണം നിര്‍ത്തിവെച്ചിരിക്കുന്നത്. എന്നാല്‍ എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍തന്നെ തുടരുന്നുവെന്നും എണ്ണക്കമ്പനികളുടെ നിലപാട് സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.പ്രശ്‌നം ഉടന്‍ പരിഹരിയ്ക്കപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.