ന്യൂഡൽഹി ∙ സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനത്തിന് സ്വീഡനിൽ അടിയന്തര ലാൻഡിങ്. യുഎസിലെ ന്യൂആർക്കിൽ നിന്ന് ഡൽഹിയിലേക്ക് മുന്നൂറിലധികം യാത്രക്കാരുമായി പറന്ന എയർ ഇന്ത്യയുടെ 777–300ഇആർ വിമാനമാണ്, ഇന്ധന ചോർച്ചയെ തുടർന്ന് സ്വീഡനിലെ സ്റ്റോക്ഹോം വിമാനത്താവളത്തിൽ ഇറക്കിയത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. വിമാനം സുരക്ഷിതമായി സ്റ്റോക്ഹോം വിമാനത്താവളത്തിൽ ഇറക്കിയതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ൻ വ്യക്തമാക്കി.
വിമാനം അടിയന്തര ലാൻഡിങ്ങിന് തയാറെടുക്കുന്നുവെന്ന വിവരത്തെ തുടർന്ന്, ഒട്ടേറെ അഗ്നിശമന ഉപകരണങ്ങളാണ് സ്റ്റോക്ഹോം വിമാനത്താവളത്തിൽ ക്രമീകരിച്ചിരുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. വിമാനത്തിന്റെ തകരാർ പരിശോധിച്ചു വരികയാണ്.