ന്യൂഡൽഹി: ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ തകർന്ന് അപകടം. ഹൈദരാബാദിൽനിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് ആർക്കും അപായമില്ല.ബുധനാഴ്ച രാവിലെ 11.55-ഓടെയായിരുന്നു സംഭവം. ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ മുൻവശത്തെ ലാൻഡിങ് ഗിയർ തകരുകയായിരുന്നു. ലാൻഡിങ്ങിനിടെ മുൻചക്രം പൊട്ടിയതിനെതുടർന്ന് വിമാനം റൺവേയിലൂടെ നിരങ്ങിനീങ്ങിയതായാണ് റിപ്പോർട്ടുകൾ.
ബോയിങ് 737 മാക്സ് 8 വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് 133 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. റൺവേയിൽ വിമാനത്തിന്റെ തകർന്ന മുൻചക്രം ചിതറികിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ ദിശ നിയന്ത്രിക്കുന്നതിനും മുൻഭാഗത്തെ ഭാരം താങ്ങുന്നതിനും നിർണായകമായ ഭാഗമാണ് ഈ മുൻചക്രം.
സംഭവത്തെത്തുടർന്ന് അടിയന്തര രക്ഷാസംഘവും വിമാനത്താവള അധികൃതരും സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. ഇവരെ നിലവിൽ വിമാനത്താവളത്തിലെ പ്രത്യേക കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തെത്തുടർന്ന് ഫുക്കറ്റ് വിമാനത്താവളത്തിലെ റൺവേ പ്രാദേശിക സമയം വൈകുന്നേരം ആറുമണിവരെ അടച്ചിടാൻ അധികൃതർ ഉത്തരവിട്ടു. വിമാനം റൺവേയിൽനിന്ന് നീക്കുന്നതിനും വിശദമായ സുരക്ഷാ പരിശോധനകൾ നടത്തുന്നതിനുമായാണ് റൺവേ താൽക്കാലികമായി അടച്ചതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗികമായി വിശദീകരണം നൽകിയിട്ടുണ്ട്. ലാൻഡിങ്ങിനിടെ മുൻചക്രത്തിന് തകരാർ സംഭവിച്ചതായും വിമാനത്തിലെ ജീവനക്കാർ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നതായും കമ്പനി അറിയിച്ചു. പ്രതിസന്ധി ഘട്ടത്തിൽ സഹകരിച്ച യാത്രക്കാർക്കും ഫുക്കറ്റ് വിമാനത്താവള അധികൃതർക്കും കമ്പനി നന്ദി അറിയിച്ചു.
English Summary: An Air India Express Boeing 737 MAX 8 aircraft, flying from Hyderabad to Phuket, Thailand, met with an accident during landing on Wednesday, March 11, 2026. The aircraft’s nose landing gear collapsed as it touched down at Phuket International Airport around 11:55 AM. Despite the front wheel breaking and the aircraft skidding along the runway, all 133 passengers on board are reported safe. Visuals from the site showed debris from the shattered nose wheel scattered on the runway. Authorities have initiated a technical probe into the structural failure of the landing gear.

