ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും രക്ഷപ്പെട്ട ഒരാള്‍ക്കും 25 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ച് എയര്‍ഇന്ത്യ. അടിയന്തര ആവശ്യങ്ങള്‍ക്കായി ഇടക്കാലസഹായമായാണ് 25 ലക്ഷം രൂപ നല്‍കുമെന്ന് എയര്‍ഇന്ത്യ പ്രഖ്യാപിച്ചത്. നേരത്തേ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപവീതം നല്‍കുമെന്ന് എയര്‍ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പും അറിയിച്ചിരുന്നു. ഈ തുകയ്ക്ക് പുറമേയാണ് എയര്‍ഇന്ത്യ 25 ലക്ഷം രൂപ കൂടി നല്‍കുന്നത്.
എയര്‍ഇന്ത്യയുടെ മാനേജ്‌മെന്റ് സംഘം അഹമ്മദാബാദിലുണ്ടെന്നും ആവശ്യമുള്ളിടത്തോളം സമയം തങ്ങള്‍ അവിടെ തുടരുമെന്നും അടിയന്തരസഹായമായാണ് ഇപ്പോള്‍ 25 ലക്ഷം രൂപ നല്‍കുന്നതെന്നും എയര്‍ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.
വ്യാഴാഴ്ചയാണ് അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണത്. ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരുയാത്രക്കാരന്‍ മാത്രമാണ് രക്ഷപ്പെട്ടത്.
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപത്തെ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം പതിച്ചത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. എംബിബിഎസ് വിദ്യാര്‍ഥികളടക്കം 29 പ്രദേശവാസികളും അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.


