ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം തുടർന്ന് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ 35 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽനിന്ന് പുറപ്പെട്ടു. ഇന്ത്യക്കാർക്ക് പുറമേ നേപ്പാൾ പൗന്മാരും വിമാനത്തിലുണ്ട്.
24 ഇന്ത്യക്കാരും 11 നേപ്പാൾ പൗരന്മാരുമാണ് വിമാനത്തിലുള്ളത്. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മലയാളി കന്യാസ്ത്രീ അടക്കം അഫ്ഗാനിൽ കുടുങ്ങിയ 78 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹിയിൽ എത്തിയിരുന്നു.
അതേസമയം അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി സംബന്ധിച്ച് വിശദീകരിക്കാൻ കേന്ദ്രം വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും അവിടെ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ സംബന്ധിച്ച കാര്യങ്ങളും വിദേശകാര്യ മന്ത്രാലയം വിശദീകരിക്കും.
കാബൂളില്‍ നിന്ന് പ്രതിദിനം രണ്ട് ഇന്ത്യന്‍ വിമാനങ്ങളാണ് ഒഴിപ്പിക്കല്‍ നടത്തിവരുന്നത്. അഫ്ഗാനിസ്ഥാന് താലിബാന് കീഴ്പ്പെടുത്തിയ സാഹചര്യത്തില്‍ ഇനി ഇന്ത്യ എന്ത് നയമാണ് സ്വീകരിക്കാൻ പോകുന്നത് എന്നത് സംബന്ധിച്ചും ചര്‍ച്ച നടക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സർവകക്ഷിയോഗം യോഗം വിളിച്ചത്.