ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കാൺപൂർ സ്വദേശിയായ ദേവേന്ദ്ര കുമാർ ശർമയാണ് അറസ്റ്റിലായത്. ഡൽഹി സുബ്രതോ പാർക്കിലെ എയർഫോഴ്സ് റെക്കോർഡ് ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാണ് ദേവേന്ദ്ര കുമാർ.
മേയ് ആറിനാണ് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് ഡൽഹി ക്രൈംബ്രാഞ്ച് സംഘത്തിന് വിവരങ്ങൾ ലഭിച്ചത്. സംഭവത്തിൽ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിൽ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ പ്രതിരോധ സംവിധാനങ്ങളെയും വ്യോമസേനക്കാരെയും കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി പാകിസ്ഥാന് കൈമാറിയതായി കണ്ടെത്തി. പ്രതിയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും സംശയാസ്പദമായ ചില പണമിടപാടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ്(ഒഎസ്എ) ശർമയ്ക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും ശർമയ്ക്ക് സഹായം ചെയ്തവരെ കണ്ടെത്തിനുമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.