ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അനിവാര്യമാണെന്നും അടുത്ത ആറ്-എട്ട് ആഴ്ചയ്ക്കുള്ളില്‍ ഉണ്ടായേക്കാമെന്നും എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ദേശീയ തലത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം കൂടിവരാന്‍ കുറച്ച് സമയം എടുക്കും. എന്നാല്‍ അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ ഇത് സംഭവിക്കാമെന്നും എയിംസ് മേധാവി പറഞ്ഞു.
രാജ്യത്ത് എല്ലായിടവും തുറന്നുകൊടുക്കുകയാണ്. ഇതോടെ കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെടും. ആദ്യ രണ്ട് തംരഗങ്ങളില്‍ നിന്നു നമ്മള്‍ പാഠം ഉള്‍ക്കൊണ്ടിട്ടില്ല. എല്ലായിടത്തും ആള്‍ക്കൂട്ടം ഉണ്ടായിവരുന്നു. ആളുകള്‍ ഒത്തുകൂടുന്നു. കേസുകളുടെ എണ്ണം ദേശീയ തലത്തില്‍ ഉയരാന്‍ കുറച്ച് സമയമെടുക്കും.
അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ ഇത് സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതെല്ലാം കൊവിഡ് മാനദണ്ഡങ്ങള്‍ ജനങ്ങള്‍ എങ്ങനെ പാലിക്കുമെന്നതിനെയും ആള്‍ക്കൂട്ടം എങ്ങനെ തടയാമെന്നതിനെയും ആശ്രയിച്ചാണിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.