29.1 C
Kottayam
Saturday, May 4, 2024

കൊച്ചിയില്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണം പെരുകുന്നു; രോഗം പടരുന്നത് മയക്കുമരുന്ന് ഉപയോഗത്തിലൂടെ

Must read

കൊച്ചി: കൊച്ചില്‍ എയിഡ്സ് രോഗം പടരാനുള്ള കാരണം അതിമാരക മയക്കുമരുന്നായ ബ്രൂപ്രിനോര്‍ഫിന്‍ ആംപ്യൂളിന്റെ ഉപയോഗം മൂലമെന്ന് എക്സൈസിന്റെ വിലയിരുത്തല്‍. ഒരേ സിറിഞ്ച് ഉപയോഗിച്ച് ആംപ്യൂളുകള്‍ ശരീരത്തില്‍ കുത്തിവയ്ക്കുന്നതിലൂടെയാണ് എച്ച്.ഐ.വി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതെന്നാണ് വിയിരുത്തല്‍. അതിമാരക മയക്കുമരുന്നായ ബ്യൂപ്രിനോര്‍ഫിന്‍ ലൂപിജെസിക് ഐപി ആപ്യൂളുകളുമായി നെടുമ്പാശ്ശേരി കരിയാട് താമസിക്കുന്ന അരീക്കല്‍ വീട്ടില്‍ ബൈപ്പാസ് ന്യൂട്ടണ്‍ എന്ന് വിളിക്കുന്ന അരുണ്‍ ബെന്നി (25) യെ ആലുവ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം അറസ്റ്റു ചെയ്തതിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം എക്സൈസിന് ലഭിച്ചത്.

നെടുമ്പാശേരി എയര്‍പോര്‍ട്ടിന് സമീപമുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫിനാല്‍ഷ്യല്‍ മാനേജരായ അരുണ്‍ ബെന്നി അവിടെ വച്ച് പരിചയപ്പെട്ട ഒരു പെണ്‍ സുഹൃത്ത് വഴിയാണ് വളരെ അപൂര്‍വ്വമായി ലഭിക്കുന്ന ഈ മയക്ക് മരുന്ന് ബ്ലാംഗ്ലൂരില്‍ നിന്ന് വാങ്ങി കൊണ്ട് വന്നിരുന്നത്. ഇതിന് മുന്‍പ് ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നിന്നും യഥേഷ്ടം ആംപ്യൂളുകള്‍ കേരളത്തിലേയ്ക്ക് എത്തിയിരുന്നു. എന്നാല്‍ ഇവിടുത്തെ ഫാര്‍മസ്യൂട്ടിക്കലുകളില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കേരളത്തിലേക്കുള്ള ആംപ്യൂള്‍ കടത്ത് നിലച്ചിരുന്നു. ഒരു ആംപ്യൂള്‍ കൈവശം വച്ചാല്‍ തന്നെ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാമെന്നതും ആംപ്യൂള്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഭയം ഉളവാക്കിയിരുന്നു. ആംപ്യൂളുകളുടെ വരവ് പൂര്‍ണ്ണമായും നിലച്ചു എന്ന് കരുതിയിരുന്ന അവസരത്തിലാണ് ഇത്രയേറെ ആംപ്യൂളുകള്‍ എക്സൈസ് ഇപ്പോള്‍ പിടിച്ചെടുക്കുന്നത്.

അരുണ്‍ ബെന്നിയെ ചോദ്യം ചെയ്തതില്‍ നിന്നും പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ മയക്ക് മരുന്ന് കുത്തിവയ്ക്കുന്നു എന്നുള്ള വിവരമാണ് എക്സൈസിന് ലഭിച്ചിരിക്കുന്നത്. പഠിക്കുന്ന കാലത്ത് കോളജിലെ ആഘോഷ ദിവസങ്ങളില്‍ ഒരു രസത്തിന് വേണ്ടി തുടങ്ങി വച്ച മയക്ക് മരുന്ന് കുത്തിവെപ്പ് ഒടുവില്‍ അരുണ്‍ ബെന്നിയെ മയക്ക് മരുന്നിന് അടിമയാക്കുകയായിരുന്നു. ഒരു തവണ ഇത് കുത്തി വച്ച് കഴിഞ്ഞാല്‍ പിന്നീട് ഇതില്‍ നിന്ന് അത്ര എളുപ്പം മോചിതനാകാന്‍ കഴിയില്ലെന്ന് ഇയാള്‍ പറയുന്നു. ബാംഗ്ലൂരില്‍ നിന്നും മയക്ക് മരുന്ന് ആംപ്യൂളുകള്‍ വാങ്ങാന്‍ സഹായിച്ചിരുന്ന അരുണ്‍ ബെന്നിയുടെ പെണ്‍ സുഹൃത്തിനെക്കുറിച്ചുള്ള അന്വേഷണം നടത്തി വരുകയാണെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week