എയിഡ്‌സെന്ന് തെറ്റായ ഫലം,യുവതി ഹൃദയംപൊട്ടി മരിച്ചു.മരണം പരിശോധനയിലെ പിഴവ് വെളിവാകും മുമ്പ്
ചണ്ഡീഗഢ്: എച്ച് ഐ വി പോസിറ്റീവാണെന്ന് തെറ്റായ ഫലം നല്‍കിയ ലാബ് ജീവനക്കാരുടെ അനാസ്ഥ മൂലം മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന യുവതി മരിച്ചു. സ്വകാര്യ ആശുപത്രി തെറ്റായ രോഗ നിര്‍ണയം നടത്തിയ യുവതി എച്ച് ഐ വി പോസിറ്റീവാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് അബോധവസ്ഥയിലും ശേഷം കോമയിലും ആയി. അതിനുശേഷമായിരുന്നു മരണം സംഭവിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് 22 കാരിയും വിവാഹിതയുമായ യുവതി മരിച്ചത്. തുടര്‍ പരിശോധനയില്‍ എച്ച് ഐ വി ബാധിച്ചിട്ടില്ലെന്ന വിവരം മനസിലാക്കും മുമ്പേ യുവതി മരണത്തിന് കീഴടങ്ങി.
ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ യുവതിക്ക് എച്ച് ഐ വി പോസിറ്റീവല്ലെന്ന് വ്യക്തമായിരുന്നു. സംഭവത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടാഴ്ചക്കകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.