തമിഴ്‌നാട്ടിൽ അപ്രതീക്ഷിത നീക്കങ്ങള്‍; ഡിഎംകെ- എഐഎഡിഎംകെ സഖ്യത്തിലേക്ക്‌?

ചെന്നൈ: സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച ടിവികെയുടെ മോഹങ്ങൾ അസ്ഥാനത്താകുമോ? സംസ്ഥാനത്ത് ടിവികെ-കോൺഗ്രസ് സഖ്യത്തിനെതിരെ കൈകോർക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ഒരുങ്ങുന്നതായി സൂചന. ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ സഖ്യ ചർച്ചകൾ തുടങ്ങിയതായാണ് വിവരം.

ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം ബന്ധപ്പെട്ടു. ദ്രാവിഡ പാർട്ടികളുടെ ബദൽ അവതരിപ്പിച്ച് ടിവികെയെ അകറ്റി നിർത്തുകയെന്ന ലക്ഷ്യമാണ് ഇരു പാർട്ടികളുടെയും മുന്നിലുള്ളത്. അതേസമയം ഇത്തരമൊരു ചർച്ച നടന്നതായി ഇരു പാർട്ടികളുടെയും നേതാക്കൾ പരോക്ഷമായി സമ്മതിക്കുന്നുണ്ടെങ്കിലും സഖ്യം ഉറപ്പായിട്ടില്ലെന്നാണ് വിവരം.

സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ടിവികെ നേതാവ് വിജയ് ഇന്ന് ഗവർണറെ കണ്ടെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 അംഗങ്ങളുടെ പിൻബലമുണ്ടായില്ല. 112 പേർ ഒപ്പിട്ട കത്താണ് ഗവർണർക്ക് നൽകിയത്. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ അംഗസംഖ്യ ഉറപ്പാക്കാൻ നിർദേശിച്ച് ഗവർണർ രാജേന്ദ്ര അർലേകർ ടിവികെ തലവനെ മടക്കി. കോൺഗ്രസ് മാത്രമാണ് ടിവികെയെ ഇപ്പോൾ പിന്തുണച്ചിരിക്കുന്നത്. മുസ്ലിം ലീഗും സിപിഐയും ഡിഎംകെയ്ക്ക് ഒപ്പം നിൽക്കുമെന്ന നിലപാടിലാണ്.

മറ്റ് ചെറുകക്ഷികളിൽ ആരെയെങ്കിലും ഒപ്പം കൂട്ടി സംസ്ഥാനത്ത് അധികാരത്തിലെത്താനുള്ള ശ്രമമാണ് ടിവികെ നടത്തുന്നത്. അതേസമയം ഡിഎംകെ ചേരിയിലുള്ള വിസികെ പാർട്ടി ടിവികെയുമായുള്ള ചർച്ച വേണ്ടെന്ന് വച്ചു. സിപിഎം നേതാക്കൾ എംകെ സ്റ്റാലിനെ കണ്ട് രണ്ട് സീറ്റിലെ വിജയത്തിന് നന്ദി അറിയിക്കുകയും ഒരുമിച്ചുള്ള ഫോട്ടോ എക്സ് അക്കൗണ്ടിൽ പങ്കുവെക്കുകയും ചെയ്തു. പിഎംകെ, ഡിഎംഡികെ തുടങ്ങിയ കക്ഷികളും ടിവികെയോട് അടുക്കുന്ന ലക്ഷണമില്ല.

പാർട്ടി / സഖ്യംലഭിച്ച സീറ്റുകൾ
തമിഴക വെട്രി കഴകം (TVK)108
ഡിഎംകെ (DMK)59
എഐഎഡിഎംകെ (AIADMK)47
കോൺഗ്രസ് (INC)5
പാട്ടാളി മക്കൾ കക്ഷി (PMK)4
സിപിഐ (CPI)2
സിപിഐ എം (CPI-M)2
വിസികെ (VCK)2
ബിജെപി (BJP)1
മറ്റുള്ളവർ4

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News