32.8 C
Kottayam
Friday, April 26, 2024

രക്തസാക്ഷിയായ തന്റെ പിതാവിനെ അപമാനിച്ചു; ബിജെപി മന്ത്രിമാര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ല-പ്രിയങ്ക

Must read

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്ഘട്ടില്‍ നടത്തുന്ന സത്യാഗ്രഹത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.രക്തസാക്ഷിയായ തന്റെ പിതാവിനേയും അമ്മയേയും മറ്റു കുടുംബാംഗങ്ങളേയും ബിജെപി മന്ത്രിമാര്‍ പലതവണ അപമാനിച്ചുവെന്നും ഇവര്‍ക്കെതിരെ ഒരു നടപടി പോലും ഉണ്ടായില്ലെന്നും പ്രിയങ്ക പറഞ്ഞു. തന്റെ കുടുംബാംഗങ്ങള്‍ അവരുടെ രക്തംകൊണ്ട് ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ പരിപോഷിപ്പിച്ചവരാണെന്നും പ്രിയങ്ക പറയുകയുണ്ടായി.

അപമാനിച്ചും ഏജന്‍സികളെ കൊണ്ട് റെയ്ഡ് നടത്തിച്ചും തങ്ങളെ ഭയപ്പെടുത്താമെന്ന് ചിലര്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറുതയാണ്. തങ്ങള്‍ ഭയപ്പെടില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

‘പാര്‍ലമെന്റില്‍ എന്റെ പിതാവിനെ അപമാനിച്ചു, എന്റെ സഹോദരന് മിര്‍ ജാഫര്‍ പോലുള്ള പേരുകള്‍ നല്‍കി. നിങ്ങളുടെ മന്ത്രിമാര്‍ പാര്‍ലമെന്റില്‍ എന്റെ അമ്മയെ അപമാനിക്കുന്നു. നിങ്ങളുടെ ഒരു മുഖ്യമന്ത്രി പറഞ്ഞു രാഹുല്‍ ഗാന്ധിക്ക് തന്റെ പിതാവ് ആരാണെന്ന് പോലും അറിയില്ലെന്ന്, എന്നാല്‍ ഇവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല’ പ്രിയങ്ക പറഞ്ഞു.

ഇത്തരക്കാരെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യരാക്കില്ല, ജയിലിലേക്ക് അയക്കില്ല, വര്‍ഷങ്ങളോളം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അവരെ തടയില്ല. അവര്‍ തന്റെ കുടുംബത്തെ ഒരുപാട് തവണ അപമാനിച്ചിട്ടുണ്ട്, പക്ഷേ ങ്ങള്‍ മിണ്ടാതിരിക്കുകയാണ് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘എന്റെ സഹോദരന്‍ പ്രധാനമന്ത്രി മോദിയുടെ അടുത്ത് പോയി പാര്‍ലമെന്റില്‍ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് എനിക്ക് നിങ്ങളോട് ഒരു വെറുപ്പും ഇല്ലെന്ന് പറഞ്ഞു. നമുക്ക് വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുണ്ടാകാം, എന്നാല്‍ വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഞങ്ങള്‍ക്കില്ല. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പോരാടിയതിന് ഞങ്ങള്‍ ലജ്ജിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. എന്റെ കുടുംബം ഈ രാജ്യത്തിന്റെ ജനാധിപത്യത്തെ അവരുടെ രക്തം കൊണ്ടാണ് പരിപോഷിപ്പിച്ചത്’ പ്രിയങ്ക പറഞ്ഞു.

രാഹുല്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ രണ്ട് സ്ഥാപനങ്ങളിലാണ്. ഹാര്‍വാര്‍ഡ്,കേംബ്രിഡ്ജ് സര്‍വകലാശാലകളിലാണ് അദ്ദേഹം പഠിച്ചത്. എന്നിട്ടവര്‍ അദ്ദേഹത്തെ പപ്പു എന്ന് വിളിച്ചാണ് തുടങ്ങിയത്.

രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് പരാതി നല്‍കിയ ആള്‍ കോടതിയില്‍ ഒരു വര്‍ഷത്തേക്ക് കേസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. രാഹുല്‍ അദാനിക്കെതിരെ പാര്‍ലമെന്റില്‍ സംസാരിച്ചപ്പോള്‍ കേസ് വീണ്ടും തുറന്നു. ഒരു മാസത്തിനുള്ളില്‍ വിചാരണ നടത്തി അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയെന്നും പ്രിയങ്ക പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week