ഇടുക്കി: ദേവികുളത്ത് പുതിയ സ്ഥാനാര്‍ത്ഥിയുമായി പ്രചാരണം സജീവമാക്കി എ.ഐ.എ.ഡി.എം.കെ. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയ എസ് ഗണേശനാണ് ഇപ്പോള്‍ ദേവികുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ധനലക്ഷ്മിയുടെ പത്രിക തള്ളിയ സംഭവം രാഷ്ട്രീയ ആയുധമാക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും.
ദേവികുളത്ത് കഴിഞ്ഞ തവണ എഐഎഡിഎംകെയ്ക്ക് വേണ്ടി 11623 വോട്ടുകള്‍ നേടിയ ആര്‍എം ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഇതിനെതിരെ ധനലക്ഷ്മി കോടതിയെ സമീപിച്ചിട്ടുണ്ട്. പത്രിക തള്ളിയതിനെതിരെ ആര്‍ എം ധനലക്ഷ്മി സ്വന്തം നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് നടത്തിപ്പിന് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് എഐഎഡിഎംകെയോ എന്‍ഡിഎയോ വ്യക്തമാക്കാന്‍ തയാറായിട്ടില്ല.
പത്രിക തള്ളിയതിന് പിന്നില്‍ എന്‍ഡിഎ- എല്‍ഡിഎഫ് കൂട്ടുകെട്ടാണെന്ന് യുഡിഎഫ് ആരോപിച്ചു. ആരോപണങ്ങളെ തള്ളിയ എല്‍ഡിഎഫ് തോട്ടം തൊഴിലാളി മേഖലയിലെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപിടിച്ച് മണ്ഡലം നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.