തിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നൽകിയ മറുപടിയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്.
നാളെ മുതൽ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ ഇളവ് അനുവദിക്കണമെന്നായിരുന്നു എളമരം കരീം ആവശ്യപ്പെട്ടത്. കേരളം 12 വയസ്സിൽ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേർക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടത്.
വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ എ.ഐ ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും അമിതവേഗവും ഉള്‍പ്പടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒന്നേമുക്കാല്‍ ലക്ഷം വരെ നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ മോട്ടോര്‍ വാഹനവകുപ്പ്.
കാര്‍ യാത്രക്കാര്‍ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന് സീറ്റ് ബെല്‍റ്റാണ്. ഡ്രൈവര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. ഡ്രൈവര്‍ മാത്രം പോരാ, മുന്‍സിറ്റിലുള്ള യാത്രക്കാരനും നിര്‍ബന്ധമാണ്. അത് ഗര്‍ഭിണിയായാലും പ്രായമുള്ളവരായാലും കുട്ടികളായുമെല്ലാം സീറ്റ് ബല്‍റ്റ് നിര്‍ബന്ധമെന്നാണ് നിയമം. പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് വേണമെങ്കിലും തല്‍കാലം പിഴയീടാക്കില്ല. മുന്‍സീറ്റിലിരിക്കുന്ന ആരെങ്കിലും സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ പിഴ 500 രൂപയാണ്.
കാര്‍ ഉള്‍പ്പെടെയുള്ള മറ്റെല്ലാ വാഹനങ്ങളിലുമുള്ള യാത്രക്കാര്‍ സൂക്ഷിക്കേണ്ട രണ്ടാമത്തെ കാര്യം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങാണ്. അങ്ങിനെ ചെയ്താല്‍ 2000 രൂപയാകും പിഴയീടാക്കുന്നത്. ഡ്രൈവിങ്ങിനിടെ മൊബൈല്‍ കയ്യില്‍ പിടിച്ചുള്ള സംസാരമാണ് ശിക്ഷാര്‍ഹം. ബ്ളൂടൂത്ത് വഴിയോ ലൗഡ് സ്പീക്കറിലോ സംസാരിക്കുന്നതും നിയമലംഘനമെങ്കിലും തല്‍കാലം പിഴയില്ല.
ഇരുചക്ര വാഹനയാത്രക്കാരും രണ്ട് കാര്യങ്ങള്‍ സൂക്ഷിക്കണം. ഒന്ന് ഹെല്‍മറ്റ് നിര്‍ബന്ധമാണ്. ഓടിക്കുന്നയാള്‍ക്ക് മാത്രമല്ല. പിന്നിലിരിക്കുന്നയാള്‍ക്കും. പിന്നിലോ മുന്നിലോ ഇരിക്കുന്ന രണ്ടാമത്തെയാള്‍ കുട്ടിയാണെന്ന് കരുതുക, മൂന്ന് വയസിന് മുകളിലുള്ള കുട്ടിക്കും ഹെല്‍മറ്റ് വേണം. ഹെല്‍മറ്റില്ലങ്കില്‍ പിഴ 500 രൂപയാണ്. രണ്ടാമത്തെ കാര്യം ഓവര്‍ലോഡിങാണ്. ഡ്രൈവറുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് അനുവാദം. മൂന്നോ അതിലധികമോ ആയാല്‍ 1000 രൂപ പിഴയാകും.
ഇവ കൂടാതെ നോ പാര്‍ക്കിങ് ഏരിയായിലോ മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തിലോ വാഹനം പാര്‍ക്ക് ചെയ്താലും പിഴ വരും.അതുപോലെ ഒരു ട്രാഫിക് സിഗ്നലില്‍ റെഡ് ലൈറ്റ് കത്തിക്കിടക്കുമ്പോള്‍ അത് മറികടന്ന് പോയാലും ക്യാമറ കണ്ടെത്തും. അമിത വേഗം പിടികൂടാന്‍ 4 വാഹനങ്ങള്‍ ഉള്‍പ്പെടെ 8 ക്യാമറാ സിസ്റ്റമാണ് തയാറാക്കിയിരിക്കുന്നത്.