വളർത്തുനായ അയൽവാസികളെ അക്രമിച്ചു; പത്തുവർഷത്തിനു ശേഷം ഉടമയ്ക്ക് തടവുശിക്ഷ വിധിച്ച് കോടതി

അഹമ്മദാബാദ്: വളര്‍ത്തുനായ അയല്‍വാസികളെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഉടമയ്ക്ക് ശിക്ഷ വിധിച്ച് അഹമ്മദാബാദ് സെഷന്‍ കോടതി. 54 കാരനായ ഭദ്രേഷ് പാണ്ഡ്യക്കാണ് കോടതി ഒരു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. നായയുടെ അക്രമത്തിനിരയായ നാലുപേര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

2014 നായിരുന്നു സംഭവം നടന്നത്. അവിനാശ് പട്ടേല്‍, മകന്‍ ജയ്, സഹോദരിയുടെ മകനായ തക്ശില്‍, വ്യോം എന്നുപേരുള്ള മറ്റൊരു കുട്ടി എന്നിവരെയാണ് പാണ്ഡ്യയുടെ ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട നായ ആക്രമിച്ചത്. തുടര്‍ന്ന് പട്ടേല്‍ നല്‍കിയ പരാതിയില്‍ ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

നായയെ പാണ്ഡ്യ കെട്ടിയിടാതിരുന്നതിനാലാണ് തങ്ങള്‍ക്ക് കടിയേറ്റതെന്നാണ് പട്ടേല്‍ പരാതിയില്‍ ആരോപിക്കുന്നത്. ആദ്യം മെട്രോപൊളിറ്റന്‍ കോടതി പരിഗണിച്ച കേസില്‍ 2020 ജനുവരിയില്‍ പാണ്ഡ്യ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഇയാള്‍ക്ക് സെക്ഷന്‍ 338 പ്രകാരം ഒരു വര്‍ഷത്തെ തടവും ഐപിസി സെക്ഷന്‍ 289, 337 പ്രകാരം മൂന്നുമാസത്തെ തടവും ശിക്ഷ വിധിച്ചിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും നായ ഭിഷണിയാണെന്ന് നിരീക്ഷിച്ച കോടതി 1,500 രൂപ പിഴയും ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു.

എന്നാല്‍ ആ വിധിക്കെതിരെ പാണ്ഡ്യ സെഷന്‍ കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ വിചാരണ പൂര്‍ത്തിയായെങ്കിലും വിധി പറയാന്‍ വൈകിയതോടെ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ നിശ്ചിത സമയത്തിനുള്ളില്‍ വിധി പുറപ്പെടുവിക്കാന്‍ സെഷന്‍ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

വെള്ളിയാഴ്ച കീഴ്‌കോടതിയുടെ വിധിയും തടവും ശരിവെച്ച അഡീഷണല്‍ സെഷന്‍ ജഡ്ജി എ.ജെ കാനനി, പാണ്ഡ്യയോട് 30 ദിവസത്തിനകം കോടതിയില്‍ ഹാജരാകാനും ഉത്തരവിട്ടിട്ടുണ്ട്. 2012-13 മുതല്‍ ഈ നായ സമൂഹത്തില്‍ ഭയം സൃഷ്ടിച്ചിരുന്നുവെന്ന പരാതികാരന്റെ ആരോപണവും കോടതി ശരിവെച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News