NationalNews

നരോദ ഗാം കൂട്ടക്കൊലപാതകം: ഗുജറാത്ത് മുൻ മന്ത്രി ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതേവിട്ടു

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന നരോദ ഗാം കൂട്ടക്കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. ഗുജറാത്തിലെ മുന്‍ മന്ത്രി മായ കോഡ്നാനി ഉള്‍പ്പടെയുള്ള 69 പ്രതികളെയാണ് പ്രത്യേക കോടതി വെറുതേവിട്ടത്. പ്രത്യേക കോടതി ജഡ്ജി ശുഭദാ കൃഷ്ണകാന്ത് ബക്ഷിയാണ് വിധി പ്രസ്താവിച്ചത്.

2002-ലെ ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി നടന്ന ഒമ്പത് കലാപങ്ങളില്‍ ഒന്നാണ് നരോദ ഗാം കൂട്ടക്കൊലപാതകം. 11 മുസ്ലിങ്ങളെയാണ് നരോദ ഗാമില്‍ തീവെച്ചു കൊന്നത്. 86 പ്രതികള്‍ ആയിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 17 പേരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ബാക്കി വിചാരണ നേരിട്ട 69 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 182 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കേസില്‍ മായ കോഡ്നാനിയുടെ സാക്ഷിയായി 2017ല്‍ കോടതിയില്‍ ഹാജരായിരുന്നു.

കൊലപാതകം, കൊലപാതക ശ്രമം, ക്രിമിനല്‍ ഗൂഢാലോചന, കലാപം, അനധികൃതമായി സംഘംചേരല്‍, കൊള്ള, മതസ്പര്‍ധ വളര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. ആയുധ നിയമ പ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തത്തിയിരുന്നു.

മുന്‍ മന്ത്രി മായ കോഡ്നാനിക്ക് പുറമെ ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗി, വിശ്വഹിന്ദു പരിഷത് നേതാവ് ജയ്ദീപ് പട്ടേല്‍, നരോദ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി.എസ്. ഗോഹില്‍ തുടങ്ങിയവരെയാണ് കുറ്റവിമുക്തരാക്കിയത്. 2012-ല്‍ മായാ കോഡ്നാനിയെയും ബാബു ബജ്രംഗിയെയും നരോദ പാട്യ കൂട്ടക്കൊല കേസില്‍ ശിക്ഷിച്ചിരുന്നു.

മായാ കോഡ്നാനിക്ക് 28 വര്‍ഷത്തെ തടവ് ശിക്ഷ ആയിരുന്നു സെഷന്‍സ് കോടതി വിധിച്ചിരുന്നത്. എന്നാല്‍, ഇവരെ പിന്നീട് ഗുജറാത്ത് ഹൈക്കോടതി വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button