കൊച്ചി; മുകൾ ചക്രവർത്തി ഔറംഗസേബിന്റെ പേരിലുള്ള സ്മാരകങ്ങൾ നീക്കം ചെയ്യണമെന്നും റോഡുകളുടെ പേരുകൾ മാറ്റണമെന്നും ആഗ്ര മേയർ. ആഗ്ര സിറ്റി മേയർ നവീൻ ജെയ്നിന്റേതാണ് വിവാദ പരാമർശം. ഔറംഗസേബ് തീവ്രവാദിയാണെന്നും അദ്ദേഹത്തിന്റെ പേരിൽ ഇന്ത്യയിൽ ഒരു സ്ഥലവും ഉണ്ടാകരുതെന്നും ജെയിൻ പറഞ്ഞു.
ഔറംഗസേബിന്റെ പേരിലുള്ള സ്മാരകങ്ങൾ നീക്കം ചെയ്യാനും റോഡുകളുടെ പേര് മാറ്റാനും ആവശ്യപ്പെട്ട് ആഗ്രയിലെ എല്ലാ മേയർമാർക്കും കത്തെഴുതുമെന്ന് ജെയിൻ പറഞ്ഞു. ആഗ്രയിലെ ദേശീയ മേയർ കൗൺസിലിൽ മേയർമാരുമായി സംവദിക്കുമ്പോഴാണ് ജെയിനിന്റെ പ്രസ്താവന.
‘ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ഹിന്ദു സമൂഹത്തിലെ ജനങ്ങളെ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയും ചെയ്ത ക്രൂരനായ ഭരണാധികാരിയായിരുന്നു ഔറംഗസേബ്. ഔറംഗസേബിന്റെ പേരിൽ ഇന്ത്യയിൽ ഒരു സ്ഥലങ്ങളും ഉണ്ടാകരുത്’,ജെയിൻ പറഞ്ഞു.
‘രാജ്യസ്നേഹമുള്ള ആളുകളെയാണ് ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കേണ്ടത്. ഔറംഗസേബ് ഇന്ത്യയ്ക്കെതിരായിരുന്നു. എന്നാൽ ഇന്ന്, അദ്ദേഹത്തിന്റെ പേരിലുള്ള നിരവധി സ്ഥലങ്ങളും റോഡുകളും ഇന്ത്യയിൽ ഉണ്ട്. ഔറംഗസേബ് നമ്മുടെ സംസ്കാരവും പാരമ്പര്യവും നശിപ്പിച്ചു, അങ്ങനെയുള്ളൊരാളുടെ പേര് ഉപയോഗിക്കുന്നത് നമ്മുക്ക് തന്നെ അപമാനമാണ്’, ജെയിൻ പറഞ്ഞു.
കോൺഗ്രസിനെതിരേയും ജെയിൻ രംഗത്തെത്തി. മുൻ ഭരണകക്ഷിയായ പാർട്ടി ഡൽഹിയിലെ ഒരു റോഡിന് ഔറംഗസേബിന്റെ പേര് നൽകിയിരുന്നുവെങ്കിലും പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി അത് ‘അബ്ദുൾ കലാം മാർഗ്’ എന്ന് പുനർനാമകരണം ചെയ്തു. എല്ലാ മേയർമാരും ഔറംഗസേബിന്റെ ഫലകങ്ങൾ നീക്കം ചെയ്യുന്നതിനും റോഡുകളുടെ പേര് മാറ്റുന്നതിനും മുൻഗണന നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
എ ഐ എം ഐ എം നേതാവ് അക്ബറുദ്ദീൻ ഒവൈസി അടുത്തിടെ ഔറംഗബാദിലെ ഔറംഗസേബിന്റെ ശവകുടീരം സന്ദർശിച്ചിരുന്നതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്കിടെയാണ് ആഗ്ര മേയറുടെ വിവാദ ഉത്തരവ് എന്നതും ശ്രദ്ധേയമാമ്. അദ്ദേഹത്തിന്റെ സന്ദർശനത്തെത്തുടർന്ന്, ഖുൽദാബാദിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിച്ച് കളയണമെന്ന് ബി ജെ പി യും എം എൻ എസും ആഹ്വാനം ചെയ്തിരുന്നു.
അതേസമയം ഭീഷണിയുടെ പശ്ചാത്തലത്തിൽ ശവകുടീരം അഞ്ച് ദിവസത്തേക്ക് അടച്ചിടാൻ പുരാവസ്തു വകുപ്പ് ഉത്തരവിട്ടു. പള്ളി കമ്മിറ്റിയുടെ കൂടി നിർദ്ദേശ പ്രകാരമാണ് നടപടി.വ്യാഴാഴ്ച മുതൽ അഞ്ച് ദിവസത്തേക്കാണ് ശവകുടീരം അടച്ചിടുക.